സാധാരണക്കാര്‍ക്ക് ആശ്രയമായി സര്‍ക്കാര്‍ മേഖലയില്‍ ഒരു 'സൂപ്പര്‍ സ്പെഷ്യാലിറ്റി' ആശുപത്രി
സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയോട് കിട പിടിക്കുന്ന സംവിധാനങ്ങളുമായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഒരാശ്വാസകേന്ദ്രമാവുകയാണ്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രികളിലൊന്നായി മാറിയിട്ടുണ്ട് മലപ്പുറം ജില്ലയിലെ തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആതുരാലയം. ജില്ലാ ആശുപത്രിയുടെ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ സൗഹാര്‍ദ്ദപരമായ സമീപനവും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവുമാണ് രോഗികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.
2016 ഓഗസ്റ്റ് 26 ന് പ്രവര്‍ത്തനം തുടങ്ങിയ ആശുപത്രിയുടെ ഉദ്ഘാടനം 2018 ഡിസംബര്‍ 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗികമായി നിര്‍വഹിച്ചത്. വിശാലമായ കാത്തിരിപ്പു കേന്ദ്രങ്ങള്‍, വായു സഞ്ചാരവും വെളിച്ചവുമുള്ള വാര്‍ഡുകള്‍, അത്യാധുനിക ഉപകരണങ്ങളോടെ സജ്ജീകരിച്ച ഓപ്പറേഷന്‍ തീയേറ്ററുകള്‍, ലേബര്‍ റൂമുകള്‍, ശുദ്ധമായ കുടിവെള്ളം, ശൗചാലയങ്ങള്‍ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. കൂടാതെ ആശുപത്രിയുടെ ചുവരിലും സമീപത്തെ മരങ്ങളിലും കുട്ടികള്‍ക്കായി നിര്‍മിച്ച കളിയിടങ്ങളിലുമെല്ലാം സ്വച്ഛതയുടെ പ്രതീകമായി ആകര്‍ഷകമായ വര്‍ണചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം, അനസ്തേഷ്യ എന്നീ സേവനങ്ങളോടെ 200 കിടക്കകളുള്ള ആശുപത്രിയാണിത്. 24 മണിക്കൂറും എല്ലാ വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. പ്രാദേശിക സമൂഹത്തിന് താങ്ങാനാവുന്നതും ഗുണമേന്‍മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ 23 കോടി രൂപ ചെലവഴിച്ചാണ് ജില്ലയിലെ ആദ്യത്തെ മാതൃ-ശിശു സംരക്ഷണ ആശുപത്രി സ്ഥാപിച്ചത്. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്.
കഴിഞ്ഞ ആറുവര്‍ഷങ്ങളിലായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നത്. സാംക്രമിക രോഗങ്ങളുള്ളവരെ കിടത്തി ചികിത്സിക്കുന്ന 10 ബെഡുകളുള്ള വാര്‍ഡ് 1.79 കോടി ചെലവില്‍ കോവിഡ് പശ്ചാത്തലത്തില്‍ നിര്‍മിച്ചു പ്രവര്‍ത്തന സജ്ജമാക്കി. ലിക്വിഡ് ഓക്സിജന്‍ പ്ലാന്റ് പി ഇ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ദേശീയാരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 1.22 കോടി ചെലവില്‍ നിര്‍മിച്ച ബ്ലഡ് സെന്ററിന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കേന്ദ്ര ലൈസന്‍സ് കിട്ടിയാലുടന്‍ പ്രവര്‍ത്തനമാരംഭിക്കും. അതോടെ 24 മണിക്കൂറും രക്തം ദാനം ചെയ്യുന്നതിനും രക്തം ലഭിക്കുന്നതിനുമുള്ള സംവിധാനമുണ്ടാകും. ബ്ലഡ് ബാങ്കിനു മുകളില്‍ പേ വാര്‍ഡിന്റെയും ഡോര്‍മിറ്ററിയുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിനു പുറമേ 27 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച സോളാര്‍ പാനല്‍, എ സി, ഇന്‍വെര്‍ട്ടര്‍, മാലിന്യനിര്‍മാര്‍ജ്ജനത്തിനായി രണ്ടു ജിയോ ടാങ്കുകള്‍, പബ്ലിക് ടോയ്‌ലറ്റുകള്‍, 45,00,000 രൂപ ചെലവഴിച്ച് കുട്ടികളുടെയും നവജാത ശിശുക്കളുടെയും പരിചരണത്തിനായി ആരംഭിച്ച എം എന്‍ സി യു, പീഡിയാട്രിക് കെയര്‍ യൂണിറ്റ്, നെഗറ്റീവ് പ്രഷര്‍ സിസ്റ്റം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, പത്തുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കുടിവെള്ള ജലസംഭരണി, 40,00000 രൂപ ഉപയോഗിച്ച് സ്ഥാപിച്ച 250 കെ.വി ജനറേറ്റര്‍ എന്നിവ വികസന പദ്ധതികളില്‍ ചിലത് മാത്രമാണ്.
ആശുപത്രിയില്‍ 2025ല്‍ ജൂണ്‍ വരെ 1500 പ്രസവങ്ങള്‍ നടന്നു. 2019 ല്‍ 3079, 2020ല്‍ 3626, 2021ല്‍ 4339, 2020ല്‍ 4302, 2023ല്‍ 4057, 2024ല്‍ 3167 എന്നിങ്ങനെയാണ് മാതൃ-ശിശു ആശുപത്രിയിലെ പ്രസവങ്ങളുടെ എണ്ണം.
- Log in to post comments