Skip to main content

കളമശ്ശേരി മണ്ഡലത്തില്‍ ബിപിസിഎല്ലുമായി ചേര്‍ന്ന് പുതിയ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഉടന്‍ ആരംഭിക്കും- മന്ത്രി പി രാജീവ്

മന്ത്രിക്കൊപ്പം ഒരു മണിക്കൂര്‍ ' വാര്‍ഡ് യോഗത്തില്‍ ജനങ്ങളുമായി സംവദിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് 

 

തൊഴില്‍ അന്വേഷകര്‍ക്ക് സൗജന്യമായി നൈപുണ്യ വികസനവും ജോലിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കളമശ്ശേരി മണ്ഡലത്തില്‍ ബിപിസിഎല്ലുമായി ചേര്‍ന്ന് പുതിയ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പബ്ലിക് സ്‌ക്വയറിന്റെ ഭാഗമായി കളമശ്ശേരി നഗരസഭയില്‍ സംഘടിപ്പിച്ച 'മന്ത്രിക്കൊപ്പം ഒരു മണിക്കൂര്‍ ' വാര്‍ഡ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന വലിയ പദ്ധതിയാണ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലൂടെ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സ്‌കൈ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ നാല് തൊഴില്‍ മേളകള്‍ നടത്താന്‍ സാധിച്ചു. സെപ്റ്റംബറോടെ പതിനായിരത്തോളം തൊഴിലവസരങ്ങള്‍ക്ക് വേണ്ടിട്ടുള്ള മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.

 

സീപോര്‍ട്ട് എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ വഴിവിളക്ക് ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ജംഗ്ഷനില്‍ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

എച്ച് എം ടി കോളനിയില്‍ ഓപ്പണ്‍ ജിം നിര്‍മ്മിക്കുന്നതിനായി സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും പ്രീമിയര്‍ ബസ്സ് സ്റ്റോപ്പിന്റെ അടുത്തുള്ള മാലിന്യ കൂമ്പാരം നീക്കുന്നതിനായി 9 കോടി രൂപ അനുവദിച്ച് മാലിന്യങ്ങള്‍ അതിവേഗം നിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

 

എച്ച് എം ടി കോളനി എല്‍ പി സ്‌കൂളില്‍ നടന്ന യോഗത്തില്‍ തൃക്കാക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി എസ് കരീം, വാര്‍ഡ് കൗണ്‍സിലര്‍മാരായ റാണി രാജേഷ്, കെ കെ ശശി, രാഷ്ട്രീയ പ്രമുഖര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ പങ്കെടുത്തു.

 

 

 

date