കനാല്‍ നവീകരണ പദ്ധതി: ബോധവല്‍ക്കരണ പരിപാടിയും വര്‍ക്ക്ഷോപ്പും തിങ്കളാഴ്ച
ചരിത്രമുറങ്ങുന്ന കൊച്ചിയിലെ കനാലുകള്‍ നവീകരിച്ച് നഗരത്തിന്റെ മുഖഛായ മാറ്റാനും നഗരവാസികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കാനും ലഷ്യമിട്ടുള്ള കനാല്‍ നവീകരണ പദ്ധതി സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടിയും വര്‍ക്ക്‌ഷോപ്പും ആഗസ്റ്റ് 11 തിങ്കളാഴ്ച നടക്കും.
വൈകീട്ട് 4.30ന് എറണാകുളം ടൗണ്‍ഹാളില്‍ വ്യസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിലാണ് പരിപാടി നടക്കുന്നത്. ഹൈബി ഈഡന്‍ എംപി മേയര്‍ അഡ്വ എം അനില്‍കുമാര്‍, , എംഎല്‍എമാരായ ടി.ജെ വിനോദ്, ഉമ തോമസ്, കെ ബാബു, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തലവന്മാര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കനാല്‍ നവീകരണ പദ്ധതിയുടെ വിശദാംശങ്ങൾ പരിപാടിയില്‍ അവതരിപ്പിക്കും. വിവിധ കനാലുകളുടെ നവീകരണ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്കരണ പ്ലാന്റുകള്‍, ആഗോള തലത്തില്‍ ഇത്തരത്തിലുള്ള വിവിധ പദ്ധതികളുടെ നടപ്പാക്കല്‍ രീതികള്‍,തുടങ്ങിയവയുടെ വിശദാംശങ്ങളും പരിപാടിയില്‍ അവതരിപ്പിക്കും. പദ്ധതി സംബന്ധിച്ച നഗരവാസികളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനും ചര്‍ച്ചചെയ്യാനുമുള്ള അവസരവും ഉണ്ടാകും.
ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനെറേഷൻ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം (ഐയുആര്‍ഡബ്ലുറ്റിഎസ്) എന്ന പേരിലുള്ള ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിനുവേണ്ടി കിഫ്ബി ധനസഹായത്തോടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കേരള വാട്ടര്‍ അതോറിറ്റിയും സംയുക്തമായാണ് നടപ്പാക്കുന്നത്. നഗരത്തിന്റെ ജീവനാഡിയായ കനാലുകള്‍ വൃത്തിയാക്കി, ആഴം കൂട്ടി പുനരുദ്ധരിച്ച് കനാലുകളുടെ തീരങ്ങൾ മനോഹരമാക്കി വെനീസ്, ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേതുപോലെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നഗര വികസനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളമൊരുക്കുന്ന 3716.10 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചില കാനാലുകളിലൂടെയുള്ള ഗതാഗതത്തിനും കനാല്‍ തീരങ്ങളില്‍ വാട്ടര്‍ സ്പോര്‍ട്സ് ഉള്‍പ്പെടയുള്ളവ ഏര്‍പ്പെടുത്തുന്നതിനും കഴിയും.
കൊച്ചിയിലെ കനാല്‍ കാഴ്ചകള്‍ക്ക് ഇനി മുമ്പെങ്ങുമില്ലാത്ത സൗന്ദര്യം ഒരുക്കാനും മഴക്കാലത്ത് ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടുകള്‍ക്ക് പരിഹാരം ഉണ്ടാക്കാനും തീര്‍ത്താലും തീരാത്ത മാലിന്യപ്രശ്നത്തിന് ശാശ്വതമായ അറുതി വരുത്താനും പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്
നഗരത്തിലെ ആറു കനാലുകളാണ് ആഴം കൂട്ടി സൗന്ദര്യവല്‍ക്കരിക്കുന്നത്. പെരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാല്‍ എന്നിവയാണവ. എല്ലാ കനാലുകളും ആഴവും വീതിയും കൂട്ടി ഇരുവശത്തും നടപ്പാതകള്‍ നിര്‍മിച്ച് മനോഹരമാക്കും. ഇതില്‍ ഇടപ്പള്ളി, ചിലവന്നൂര്‍ കനാലുകളിലാണ് ബോട്ട് സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയുക.
മാർക്കറ്റ് കനാൽ- നവീകരണ പ്രവർത്തികൾ ഉടൻ ആരംഭിക്കും
ആഴം കൂട്ടുന്നതിനും മണ്ണം ചെളിയും നീക്കുന്നതിന് പുറമെ നിലവിലുള്ള കനാൽ തീരം പുനർനിർമ്മിക്കുകയും , സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടപ്പാത നിർമ്മിക്കുകയും ചെയ്യും
ഇടപ്പള്ളി കനാൽ ഗതാഗതയോഗ്യമാക്കുന്നതോടെ മുട്ടാര്‍ മുതല്‍ ചിത്രപ്പുഴവരെയുള്ള 11.50 കിലോമീറ്റര്‍ ദൂരത്ത് ബോട്ട് സര്‍വ്വീസ് ആരംഭിക്കാനാകും. കൂടാതെ, കനാൽ പുനരുജ്ജീവനത്തിന്റെ ഭാഗമായി കൊച്ചി നിവാസികളുടേ ആരോഗ്യകരവും സാമൂഹികപരവുമായ അഭിവൃദ്ധിക്കും വേണ്ടി നാലു കിലോമീറ്റർ നീളമുള്ള സൗന്ദര്യവല്കരണമാണ് ഇടപ്പള്ളി കനാലിൽ വിഭാവനം ചെയ്തിരിക്കുന്നത് . പാടിവട്ടം പൈപ്പ്‌ലൈൻ പാലം മുതൽ വെണ്ണല വരെയുള്ള കനാലിന്റെ സൗന്ദര്യവൽക്കരണമാണ് ലോകോത്തര മാതൃകയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് . രാജ്യത്തെ ഏറ്റവും വലിയ മിയാവാക്കി വനവല്കരണം ഈ ഭാഗത്തു നിർമ്മിക്കുന്നതായിരിക്കും . കൂടാതെ, നടപ്പാതയും ബോട്ട് ജെട്ടിയും മറ്റു കായിക വിനോദങ്ങൾക്കുള്ള വേദിയുമുള്ള നഗരത്തിലെ ഒരു വ്യത്യസ്മായ ഇടനാഴി ആയി ഇടപ്പള്ളി കനാലിനെ പരിവർത്തനപ്പെടുത്തും.
നിലവിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു . ഇടപ്പള്ളി കനാലിന്റെ മുട്ടാർ മുതൽ മരോട്ടിച്ചുവട് വരെയുള്ള പൊന്നുംവില നടപടികൾ ഉടൻ പൂർത്തിയാകും . ബാക്കി വരുന്ന ഭാഗത്തിന്റെ ഏറ്റെടുക്കൽ ജോലികൾ അടിയന്തിര പ്രാധന്യത്തോടെ പുരോഗമിച്ചു കൊണ്ടിരിക്കുന്നു .
വൈറ്റില-തേവര റൂട്ടില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് തുടങ്ങുമ്പോള്‍ ഗതാഗതയോഗ്യമായ ചിലവന്നൂര്‍ കനാലിലൂടെ എളംകുളം മെട്രോയുമായും ബന്ധിപ്പിക്കാനാകും. ചിലവന്നൂർ കനാൽ തീരം സൗന്ദര്യവല്‍ക്കരിച്ച് വാട്ടര്‍സ്പോട്സ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്താനും കൊച്ചിക്ക് മറ്റൊരു മറൈന്‍ഡ്രൈവ് കൂടി കിട്ടാനുമുള്ള സാഹചര്യമാണ് ഉയര്‍ന്നുവരുന്നത്. ഇവിടെ മനോഹരമായ നടപ്പാതകള്‍ നിർമ്മിക്കുകയും വിനോദത്തിനുള്ള ഉപാധികളും ഏര്‍പ്പെടുത്തും.
ചിലവന്നൂര്‍ കനാലിനു സമീപത്തുള്ള ബണ്ട് റോഡ് പാലത്തിന്റെ പുനര്‍നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. കനാലിലൂടെയുള്ള വെള്ളമൊഴുക്ക് സുഗമമാകും എന്നതിനാല്‍ മഴക്കാലത്ത് നഗരത്തിലെ വെള്ളപ്പൊക്കെം മൂലമുള്ള പ്രശ്നങ്ങള്‍ ലഘൂകരിക്കാനും ഇത് സഹായിക്കും. ബണ്ട് റോഡ് പാലവും ചിലവന്നൂര്‍ കനാല്‍ നീവകരണവും ചിലവന്നൂർ കായലിന്റെ ഡ്രെഡ്ജിങ് ജോലികളും പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയുടെ ടൂറിസം സാധ്യതകള്‍ പതിന്മടങ്ങായി വര്‍ധിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
കൂടാതെ, തേവര കനാലിൽ സ്ഥിതി ചെയ്യുന്ന കല്ലുപാലം പുനർനിർമ്മിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മംഗളവനത്തിൽ സ്ഥിതി ചെയുന്ന കനാലിന്റെ ഡ്രെഡ്ജിങ് ജോലികൾ ഉടൻ ആരംഭിക്കും . പേരണ്ടൂർ കനാലിന്റെ പുറമ്പോക് നിശ്ചയിക്കുന്ന സർവ്വേ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു .
ഇവയ്ക്ക് പുറമെ പദ്ധതിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റി മാലിന്യ സംസ്‌കരണ പ്ലാന്റുകളും സ്ഥാപിക്കുന്നതാണ് . കൊച്ചി നഗരത്തിന്റെ മുഴുവൻ ശുചിമുറി മാലിന്യവും സംസ്കരിക്കുന്നതിനു വേണ്ടി 1386 കോടി രൂപ മുടക്കി, 500 കിലോമീറ്റർ നീളമുള്ള മലിനജല ശൃംഖലയും, എളംകുളം മുട്ടാര്‍ എന്നിവിടങ്ങളിലായി 2 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുമാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് .
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സാമൂഹിക ജീവിതം മെച്ചപ്പെടുന്നതിനും വേണ്ടി വിഭാവനം ചെയ്തിരിക്കുന്ന ഈ ബ്രഹത്തായ പദ്ധതി എത്രയും വേഗം നടപ്പിലാക്കേണ്ടത് അനിവാര്യതയാണ്.
- Log in to post comments