സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി ബോധവൽക്കരണം നടത്തും- വനിതാ കമ്മീഷൻ
വനിത കമ്മീഷന്‍ അദാലത്തില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കി
സ്ത്രീകൾ യാത്ര ചെയ്യുന്ന വേളകളിൽ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കെതിരെ സംസ്ഥാനവ്യാപകമായി ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി.ആര്‍ മഹിളാമണി പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. യാത്രാവേളകളിലെ അതിക്രമങ്ങൾ തടയാനും അവകാശങ്ങളെക്കുറിച്ച് സ്ത്രീകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ക്ലാസുകൾ ഉടൻ ആരംഭിക്കും.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ ആകെ 50 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്. ഇതിൽ ആറ് പരാതികൾ അദാലത്തിൽ പരിഹരിച്ചു. വിശദമായ റിപ്പോർട്ട് ആവശ്യമായ രണ്ട് പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. കുടുംബ പ്രശ്നങ്ങളും മറ്റും ഉൾപ്പെട്ട രണ്ട് കേസുകളിൽ കൗൺസിലിങ്ങ് ആവശ്യമായതിനാൽ വിദഗ്ധ സഹായത്തിനായി അയച്ചിട്ടുണ്ട്. ബാക്കിയുള്ള 40 പരാതികൾ കൂടുതൽ തെളിവെടുപ്പിനും മറ്റുമായി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. അദാലത്തിനിടെ പുതുതായി ഒരു പരാതി കൂടി കമ്മീഷന് മുമ്പാകെ ലഭിച്ചു.
ഗാർഹിക പീഡനം, വസ്തു സംബന്ധമായ അതിർത്തി തർക്കം, മുൻകൂട്ടി അറിയിക്കാതെ ജോലിയിൽ നിന്ന് പിരിച്ചുവിടൽ, വിവിധ കുടുംബ പ്രശ്നങ്ങൾ തുടങ്ങിയ പരാതികളാണ് അദാലത്തിൽ കമ്മീഷന്റെ മുന്നിലെത്തിയത്. ഓരോ പരാതിയും വിശദമായി കേട്ട കമ്മീഷൻ അംഗങ്ങൾ നിയമപരമായ നിർദ്ദേശങ്ങൾ പരാതിക്കാർക്ക് നൽകി. പരാതികളിൽ പെട്ടെന്ന് തീർപ്പുണ്ടാക്കുന്നതിലൂടെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കുകയാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
സി.ഐ ജോസ് കുര്യൻ, അഡ്വ. ഷീബ, കൗൺസിലർമാരായ ഡിംപിൾ മരിയ, സ്റ്റെഫി എബ്രഹാം എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
- Log in to post comments