കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനവും രാഷ്ട്രീയവും രണ്ടല്ല: പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍
പണ്ടും ഇപ്പോഴും കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനവും രാഷ്ട്രീയവും രണ്ടും രണ്ടായി കാണാന്‍ കഴിയില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂര്‍ കൃഷ്ണ മേനോന്‍ ഗവ. വനിതാ കോളജില്‍ സംഘടിപ്പിച്ച നവോത്ഥാന ചരിത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.സി. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം തുടങ്ങിയത് മതത്തിന് എതിരായിട്ടായിരുന്നു. ഹിന്ദുമതത്തിന്റെ പരിഷ്‌കരണം മാത്രമായിരുന്നില്ല, ലക്ഷ്യം. ക്രമേണയാണ് അതില്‍ വ്യത്യാസം വന്നത്. ശ്രീനാരായണഗുരു അരുവിപ്പുറത്ത് കല്ലെടുത്ത് ശിവന്റെ മൂര്‍ത്തിയാക്കി പ്രതിഷ്ഠിച്ചതിലൂടെ മതത്തെ ചോദ്യം ചെയ്യുകയായിരുന്നു. 1900 മുതല്‍ 1940 വരെ കേരളത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുന്നുണ്ടായിരുന്നു. അതിന്റെ കൂടെയാണ് നവോത്ഥാന പ്രസ്ഥാനം ഉണ്ടാവുന്നത്. നവോത്ഥാന പ്രസ്ഥാനത്തിനൊപ്പം എ.കെ.ജിയുടെയും പി. കൃഷ്ണപിള്ളയുടെയും മറ്റും നേതൃത്വത്തില്‍ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനവും വളര്‍ന്നു.
ചരിത്രത്തില്‍ എന്തൊക്കെയായിരുന്നു നടന്നത് എന്ന് നാം മറന്നുപോവുന്നു. ചരിത്രം മറന്നാല്‍ പണ്ടുണ്ടായിരുന്ന എല്ലാ അന്തസ്സും നാം നഷ്ടപ്പെടുത്തും. ചരിത്രത്തിലെ പഴയ തെറ്റുകള്‍ നാം ആവര്‍ത്തിക്കും. വര്‍ഗീയതലത്തില്‍ ആള്‍ക്കാരെ ഒരുമിച്ചുകൊണ്ടുവരിക എളുപ്പമുള്ള പണിയാണ്. ഇത് ചരിത്രത്തില്‍ നാം പലതവണ കണ്ടിട്ടുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും അത് ചെയ്യുന്നു. സ്വാതന്ത്ര്യസമരത്തില്‍ വര്‍ഗീയ പ്രവണതകള്‍ തോറ്റു. പക്ഷേ, 1948ല്‍ അവര്‍ ഗാന്ധിജിയെ കൊന്നു. അതേ വര്‍ഗീയ ശക്തികള്‍ ഇപ്പോള്‍ തല പൊന്തിച്ചുവരുന്നു.
ആചാരം പാലിച്ചിരുന്നെങ്കില്‍ ഇവിടെ ഒരു പെണ്‍കുട്ടിയും വിദ്യാലയങ്ങളില്‍ ഉണ്ടാവുമായിരുന്നില്ല. എല്ലാവരും കല്യാണം കഴിഞ്ഞ് വീട്ടിലുണ്ടാവുമായിരുന്നു. ആ സമയത്ത് അധികാരം ഉള്ളവര്‍ ഉണ്ടാക്കുന്നതാണ് ആചാരം. അധികാരം പോയാല്‍ ആചാരവും പോകും. ശബരിമലയില്‍ ആരായിരുന്നു പൂജാരികള്‍, ശബരിമല എപ്പോഴാണ് അമ്പലമാവുന്നത്, മുമ്പ് ഇത് അമ്പലമായിരുന്നോ, ഹിന്ദു ധര്‍മ്മത്തിന്റെ ഭാഗമായിരുന്നോ എന്ന് ചോദ്യങ്ങളുയരുന്നു. ഈ ആചാരങ്ങളൊക്കെ മാറിക്കൊണ്ടിരിക്കുന്നതാണ്. ആചാരങ്ങള്‍ പുരുഷന്‍മാര്‍ ഉണ്ടാക്കുന്നതാണ്. ചരിത്രത്തില്‍ ആചാരങ്ങള്‍ മാറിയിട്ടുണ്ട്, മാറിയിട്ടില്ലെങ്കില്‍ മാറ്റണം. സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം ആചാരം മാറ്റാന്‍ കഴിയില്ല. ജനങ്ങള്‍ ഒരുമിച്ച് മുന്നോട്ടുവന്നാലേ മാറ്റം വരൂ. വന്ന നല്ല മാറ്റങ്ങളെ പോലും ചോദ്യം ചെയ്യുകയാണിന്ന്-വി.സി പറഞ്ഞു.
സ്ത്രീ രണ്ടാംതരം പൗരയാണ് എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ കരിവെള്ളൂര്‍ മുരളി പറഞ്ഞു. സ്ത്രീകള്‍ ചില സ്ഥലങ്ങളില്‍നിന്ന് മാറി നില്‍ക്കണം എന്ന് പറയുന്നതിന്റെ യുക്തിയെന്താണ്. സതിയും ഒരു ആചാരമായിരുന്നു. ആ ആചാരം തുടരണമെന്ന് ഇന്ന് പറയാന്‍ കഴിയുമോ-അദ്ദേഹം ചോദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. അബ്ദുല്‍ഖാദര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍, കോളജ് പ്രിന്‍സിപ്പല്‍ പി.കെ. റജുല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബൈജു, കോളജ് യൂനിയന്‍ ചെയര്‍പേഴ്‌സന്‍ സ്‌നേഹ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, കണ്ണൂര്‍ സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍, കൃഷ്ണമേനോന്‍ സ്മാരക വനിത കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments