Skip to main content

രോഗീസൗഹൃദപരമായിരിക്കും പുതിയ ആരോഗ്യനയം: മന്ത്രി കെ.കെ. ശൈലജടീച്ചർ

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ആരോഗ്യനയം രോഗീസൗഹൃദപരവും പൗരന്റെ ആരോഗ്യപരമായ മൗലികാവശ്യങ്ങൾ പൂർണമായും സംരക്ഷിക്കാൻ ഉതകുന്നതുമായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചർ പറഞ്ഞു. ജനകീയാരോഗ്യനയമായിരിക്കും സർക്കാരിന്റേതെന്ന് മന്ത്രി പറഞ്ഞു.
ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യരംഗം ശക്തമാക്കി ആരോഗ്യമേഖല ജനകീയമാക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രോഗപ്രതിരോധത്തിലൂന്നിയ ആരോഗ്യപരിപാലന നടപടികളാണ് ലക്ഷ്യമാക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ശക്തമാക്കുകയും പൊതുജനാരോഗ്യ ശൃംഖലയെ ആധുനികവത്ക്കരിക്കുകയും രോഗീ സൗഹൃദമാക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യരംഗത്ത് വമ്പിച്ച മാറ്റമുണ്ടാക്കാൻ കഴിയും. അതിനാവശ്യമായ രീതിയിൽ ക്രമീകരണങ്ങളുണ്ടാക്കുകയാണ് ആരോഗ്യ നയത്തിന്റെ കാതലായ ഭാഗമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യപ്രശ്‌നങ്ങളിലൊന്ന് ഗാർഹികതലത്തിൽ അനുദിനം വർധിച്ചുവരുന്ന ചികിത്സാച്ചെലവാണെന്ന്് നയം പറയുന്നു. ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനുള്ള ദീർഘകാല, ഹ്രസ്വകാലലക്ഷ്യങ്ങൾ നയം മുന്നോട്ടുവയ്ക്കുന്നു. സർക്കാരിന്റെ ആരോഗ്യച്ചെലവ് സംസ്ഥാന ഉത്പാദനത്തിന്റെ 0.6 ശതമാനത്തിൽനിന്നും വർഷംതോറും ഒരു ശതമാനം വർധിപ്പിച്ച് അഞ്ച് ശതമാനത്തിൽ എത്തിക്കുവാനാണ് ലക്ഷ്യം.      സാർവത്രികവും സൗജന്യവും സമഗ്രവുമായ ആരോഗ്യരക്ഷാസംവിധാനം ഏർപ്പെടുത്തുക, ശിശു, ബാല, മാതൃ മരണനിരക്കുകൾ വികസിത രാജ്യങ്ങളിലേതിനുതുല്യമായ തലത്തിൽ എത്തിക്കുക, ജനങ്ങളുടെ ആരോഗ്യത്തോടെയുള്ള ആയുർദൈർഘ്യം കൂട്ടുക എന്നിവയാണ് ദീർഘകാല ലക്ഷ്യങ്ങൾ.
മാതൃമരണ നിരക്ക് ഒരു ലക്ഷം ജനങ്ങളിൽ 66 എന്നതിൽ നിന്ന് 30 ആക്കുക, ശിശുമരണനിരക്കാവട്ടെ 12 ൽ നിന്ന് എട്ട് ആക്കുക, നവജാത ശിശുക്കളുടെ മരണനിരക്ക് ഏഴിൽ നിന്നും അഞ്ച് ആക്കുക, അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 14 ൽ നിന്നും ഒമ്പത് ആയി മാറ്റുക, പകർച്ചവ്യാധികളുടെ വാർഷിക രോഗബാധ 50 ശതമാനമായി കുറയ്ക്കുക എന്നതാണ് ഹ്രസ്വകാല ലക്ഷ്യങ്ങളിൽ സർക്കാർ ഉദ്ദേശിക്കുന്നത്.
പൊതുജനാരോഗ്യത്തിന്റെ ത്രിതല സംവിധാനത്തിൽ ഏറ്റവും മുകളിലത്തെ തട്ടിലുള്ള അമിതമായ ജനത്തിരക്കും ഏറ്റവും താഴേത്തട്ടിനോടുള്ള അവഗണനയും എന്ന സ്ഥിതിക്ക് മാറ്റം വരുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കും.
മോഡേൺ മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെൽത്ത് , ഡയറക്ടറേറ്റ് ഓഫ് ക്ലിനിക്കൽ സർവീസസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ എന്നിങ്ങനെ മൂന്ന് ഡയറക്ടറേറ്റുകൾ ഉണ്ടാവും. ഫലത്തിൽ, ആരോഗ്യവകുപ്പിലെ ഡോക്ടർമാർ മൂന്ന് കേഡറുകളിലായി വിഭജിക്കപ്പെടും.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും മറ്റ് സ്റ്റാഫിന്റേയും നേർക്കുണ്ടാകുന്ന കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ടും ജനങ്ങളുടെ ആരോഗ്യാവകാശങ്ങളുടെ ലംഘനം സംബന്ധിച്ചും ഉയർന്നുവരുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഒരു പരാതി പരിഹാര സംവിധാനത്തിന് രൂപം കൊടുക്കും. 
ചെലവുകുറഞ്ഞ ആശുപത്രികളെ പ്രോൽസാഹിപ്പിക്കുന്ന നടപടികളായിരിക്കും സർക്കാർ സ്വീകരിക്കുക. എല്ലാ ക്ലിനിക്കൽ ലാബറട്ടറികൾക്കും ഇമേജിംഗ് കേന്ദ്രങ്ങൾക്കും രജിസ്ട്രേഷനും, നൽകുന്ന സേവനത്തിനനുസൃതമായ ഗ്രേഡിംഗും നിർബന്ധമാക്കും. ഈ മേഖലയുടെ മേൽനോട്ടത്തിനും ഗുണമേ••ഉറപ്പുവരുത്തുന്നതിനും ഒരു ക്ലിനിക്കൽ ഡയഗ്ണോസ്റ്റിക് ടെക്നോളജി കൗൺസിൽ രൂപീകരിക്കും.  ലാബുകളിലും ഇമേജിംഗ് സെന്ററുകളിലും നിർദ്ദിഷ്ട മിനിമം യോഗ്യതയുള്ള ടെക്നീഷ്യ•ാരുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല കൗൺസിലിനാകും. സുസജ്ജമായ പബ്ലിക്ക് ഹെൽത്ത് ലാബുകൾ എല്ലാ ജില്ലകളിലും സ്ഥാപിക്കും. എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും കുറഞ്ഞ ചെലവിൽ മോളിക്യുലർ അധിഷ്ഠിത ടെസ്റ്റുകൾ നടത്താൻ അത്യാധുനിക ക്ലിനിക്കൽ ലാബുകൾ സജ്ജമാക്കും. 
മരുന്നുകൾ ജനങ്ങൾക്ക് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാൻ വേണ്ടി ഉചിതമായ സാഹചര്യങ്ങളിൽ പേറ്റന്റുള്ള ഉത്പന്നങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ ഉൽപാദിപ്പിച്ച് വിപണനം ചെയ്യാൻ ഇന്ത്യൻ പേറ്റന്റ് ആക്ടിലെ നടപടികൾ പാലിച്ചുകൊണ്ട്, സംസ്ഥാന സർക്കാർ ശ്രമിക്കും.
മെഡിക്കൽ ഉപകരണങ്ങളുടെയും സാമഗ്രികളുടെയും നിർമ്മാണത്തിനായി മെഡിക്കൽ ഡിവൈസസ് ഉണ്ടാക്കുന്ന ഫാക്ടറികൾ സ്ഥാപിക്കുന്നതിനും പ്രോത്സാഹനം നൽകും.
ഡ്രഗ്് കൺട്രോളർ വിഭാഗത്തെ ആവശ്യമുള്ള ജീവനക്കാരെയും സാങ്കേതിക വിഭവശേഷിയും നൽകി ശക്തിപ്പെടുത്തും. 
ഒരു ആധുനിക ബഹുവൈജ്ഞാനിക ഔഷധ ഗവേഷണകേന്ദ്രം കേരളത്തിൽ സ്ഥാപിക്കും. ശുദ്ധമായ ആയുർവേദ മരുന്നുകൾ ലഭ്യമാക്കാൻ ഉചിതമായ ലൈസൻസ്, രജിസ്ട്രേഷൻ, വിപണന സംവിധാനം ഏർപ്പെടുത്തും. 
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിഭാഗങ്ങൾ. ആദിവാസികൾ, ട്രാൻസ്ജെന്ററുകൾ, വയോജനങ്ങൾ തുടങ്ങിയവരുടെ മേഖലകളിലും പ്രാധാന്യത്തോടെ ഇടപെടേണ്ടതാണെന്നും നയം പറയുന്നു.
ശിശുമരണ നിരക്ക് 2020-ൽ എട്ടിലേക്ക് താഴ്ത്തിക്കൊണ്ടുവരികയെന്നതാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യം. ശിശുക്കൾക്ക് പ്രതിരോധകുത്തിവയ്പിൽ പ്രത്യേക ശ്രദ്ധചെലുത്തും. സ്‌കൂൾ വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നൽകും. 
സംസ്ഥാനത്ത് പാരിസ്ഥിതികവും ജീവിതശൈലീപരവും മറ്റുമായി ഇന്നുള്ള എല്ലാ പ്രശ്നങ്ങളും കൂടി കണക്കിലെടുക്കുന്ന ഒരു പുതിയ' കേരള പൊതുജന ആരോഗ്യ നിയമം' കൊണ്ടുവരാനുളള നിയമനിർമാണനടപടികൾ സ്വീകരിക്കും. 
അടിയന്തരമായി കേരള ഏകീകൃത മെഡിക്കൽ പ്രാക്റ്റീഷണേഴ്സ് ആക്ട്  നടപ്പിലാക്കും. നിലവിലുള്ള ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലുകൾ കേരള മെഡിക്കൽ കൗൺസിലായി പുനർനാമകരണം ചെയ്യും.
പരിസ്ഥിതി സംരക്ഷണനിയമം, 2007 ലെ രക്ഷാകർത്താക്കളുടെയും മുതിർന്ന പൗരരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം, മലീനികരണ നിയന്ത്രണ നിയമം, ആശുപത്രി സംരക്ഷണ നിയമം തുടങ്ങി ആരോഗ്യപാലനവുമായി ബന്ധമുള്ള നിയമങ്ങളും കർശനമായി നടപ്പാക്കും.
എല്ലാ സ്ഥാപനങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചും രോഗികളുടെ വിവരങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിച്ചും ആരോഗ്യ ഇൻഫർമേഷൻ സംവിധാനം സംഘടിപ്പിക്കും. 
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഗവേഷണ വകുപ്പിന്റെ സഹായത്താൽ എല്ലാ സർക്കാർ മെഡിക്കൽ കോളേജിലും ബഹുവൈജ്ഞാനിക ഗവേഷണ യൂണിറ്റുകൾ  സ്ഥാപിക്കും. എല്ലാ മെഡിക്കൽ കോളേജുകളിലും മുഴുവൻ സമയ പി.എച്ച്.ഡി പ്രോഗ്രാം ആരംഭിക്കും.
കരട് ആരോഗ്യ നയം മന്ത്രിസഭായോഗം നേരത്തെ അംഗീകരിച്ചിരുന്നു. ജനങ്ങൾ നേരിട്ടും ഇ-മെയിലായും നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് ആരോഗ്യ നയത്തിന് അന്തിമ രൂപം നൽകിയത്. ഇതാണ് മന്ത്രിസഭായോഗം അംഗീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. 
പി.എൻ.എക്സ്.  286/19

 

date