Skip to main content

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ  സയൻസ് പാർക്ക്

പിറവം: സമഗ്ര ശിക്ഷ അഭിയാന് കീഴിൽ ശാസ്ത്രപഠന മുന്നേറ്റത്തിനായി ജില്ലയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളിലും സയൻസ് പാർക്കുകൾ സജ്ജമാക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പിറവം ബി.ആർ.സി യിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ നിർവ്വഹിച്ചു. പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിൽ 45 വിദ്യാലയങ്ങളിലാണ് സയൻസ് പാർക്കുകൾ സജ്ജീകരിക്കുക. ആദ്യഘട്ടത്തിൽ ഓരോ വിദ്യാഭ്യാസ ഉപജില്ലകളിലെയും മൂന്ന് വിദ്യാലയങ്ങളിൽ സയൻസ് പാർക്ക് ഒരുക്കും.

 ശാസ്ത്ര തത്വങ്ങൾ കുട്ടികൾക്ക് അനായാസം മനസ്സിലാകുന്ന തരത്തിൽ എൺപതോളം ഉപകരണങ്ങളാണ് സയൻസ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. 30000 രൂപ ചെലവിലാണ് ഒരു സ്കൂളിൽ ഇവ സജ്ജീകരിക്കുന്നത്.

പൊതുവിദ്യാലയങ്ങളെ മികവിന്റെ  കേന്ദ്രങ്ങളാക്കുന്നത് ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജില്ലാപഞ്ചായത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനാവശ്യമായ സംവിധാനങ്ങൾ പൊതുവിദ്യാലയങ്ങളിൽ ഉറപ്പാക്കും.

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുമിത് സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് അംഗം കെ. എൻ സുഗതൻ മുഖ്യപ്രഭാഷണം നടത്തി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുകയും കൊഴിഞ്ഞുപോക്ക് കുറയുകയുമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. നൂതനവും സമഗ്രവുമായ പാഠ്യ പദ്ധതികളിലൂടെ പൊതുവിദ്യാഭ്യാസരംഗം ഉണർവിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ച സ്കൂളുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.  പെരുമ്പാവൂർ ബി.ആർ.സിക്ക് കീഴിലുള്ള ഗവൺമെൻറ് എൽ.പിസ്കൂൾ വളയൻചിറങ്ങര ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം ഗവൺമെൻറ് യു.പിസ്കൂൾ പാനിപ്രയും രാമവർമ യൂണിയൻ എൽ.പി. സ്കൂൾ ചെറായിയും കരസ്ഥമാക്കി. മൂന്നാംസ്ഥാനം ഗവൺമെൻറ് യു.പി സ്കൂൾ വായിക്കര, ഗവ. യു.പി സ്കൂൾ വെളിയനാട്, ഗവ. യു.പി സ്കൂൾ കൂത്താട്ടുകുളം എന്നിവർ പങ്കിട്ടു.

ചടങ്ങിൽ സമഗ്ര ശിക്ഷ അഭിയാൻ ജില്ലാ പ്രോജക്ട് ഓഫീസർ സജോയ് ജോർജ്, പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ബി രാജീവ്, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ സന്ധ്യ .എ, പിറവം ഉപജില്ല എ.ഇ.ഒ.  സെയ്തലവി .ഇ, പിറവം വിദ്യാഭ്യാസ ഉപജില്ല ബി.പി.ഒ ഷാജി ജോർജ്, എച്ച്.എം. ഫോറം സെക്രട്ടറി കെ. എൻ സുകുമാരൻ, ജില്ലാ പ്രോഗ്രാം ഓഫീസർ ജോതിഷ് .പി തുടങ്ങിയവർ പ്രസംഗിച്ചു.
 

date