Skip to main content

വാര്‍ഷികപദ്ധതി  നിര്‍വ്വഹണ പുരോഗതി വിലയിരുത്തി

 

 

    ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും വാര്‍ഷിക പ്ലാന്‍ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി ജില്ലാ വികസന സമിതി  അവലോകനം ചെയ്തു. അമ്പത് ശതമാനത്തില്‍ കുറവ് നിര്‍വ്വഹണ പുരോഗതിയുളള വകുപ്പുകള്‍ ഒരുമാസത്തിനകം എണ്‍പത് ശതമാനം പുരോഗതി നേടണമെന്ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന യോഗം നിര്‍ദ്ദേശിച്ചു. വകുപ്പ് പദ്ധതികളുടെ നിര്‍വ്വഹണത്തിന് നല്‍കുന്ന പ്രാധാന്യം ഉദ്യോഗസ്ഥര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും നല്‍കണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. 

 

     തദ്ദേശ സ്ഥാപനങ്ങളില്‍  ജില്ലാ പഞ്ചായത്ത് 75.31 ശതമാനം നിര്‍വ്വഹണം പൂര്‍ത്തിയാക്കി സംസ്ഥാന തലത്തില്‍ ഒന്നാമതാണെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ് യോഗത്തെ അറിയിച്ചു. നഗരസഭകളില്‍  കല്‍പ്പറ്റ 65.45 ശതമാനം, സുല്‍ത്താന്‍ ബത്തേരി 65.39 ശതമാനം, മാനന്തവാടി 41.24 ശതമാനം എന്നിങ്ങനെയാണ് നിര്‍വ്വഹണ പുരോഗതി. ബ്ലോക്ക് പഞ്ചായത്തുകളില്‍ പനമരം 68.10 ശതമാനം,  സുല്‍ത്താന്‍ ബത്തേരി 57.72 ശതമാനം, മാനന്തവാടി 57.38 ശതമാനം, കല്‍പ്പറ്റ 55.50 ശതമാനവുമാണ് നിര്‍വ്വഹണം. ഗ്രാമപഞ്ചായത്തുകളില്‍  പൂതാടി ഗ്രാമപഞ്ചായത്താണ് ഏറ്റവും കൂടുതല്‍ പുരോഗതി നേടിയത്. 73.59 ശതമാനമാണ് നിര്‍വ്വഹണം. മൂപ്പൈനാട് 72.76 ശതമാനം, നൂല്‍പ്പുഴ 69.77 എന്നീ പഞ്ചായത്തുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ നിര്‍വ്വഹണ പുരോഗതി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലാണ്. 48.86 ശതമാനം. യോഗത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍, എ.ഡി.എം കെ.അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date