Skip to main content

മാതൃകാ പെരുമാറ്റച്ചട്ടം :  സ്‌ക്വാഡുകള്‍ക്ക്‌ പരിശീലനം നല്‍കി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലയിലെ സ്‌ക്വാഡുകള്‍ക്ക്‌ പരിശീലനം നല്‍കി. ഫ്‌ളൈയിംഗ്‌ സ്‌ക്വാഡ്‌, ആന്റി ഡീഫേസിംഗ്‌ സ്‌ക്വാഡ്‌, സ്റ്റാറ്റിക്‌ സര്‍വൈലന്‍സ്‌ സ്‌ക്വാഡ്‌, മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിനുള്ള സ്‌ക്വാഡ്‌ എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കാണ്‌ പരിശീലനം നല്‍കിയത്‌. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങള്‍ക്ക്‌ മൂന്ന്‌ വീതം, 39 ഫ്‌ളൈയിംഗ്‌ സ്‌ക്വാഡുകളും 39 സ്റ്റാറ്റിക്‌ സര്‍വൈലന്‍സ്‌ സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും. ആന്റി ഡീഫേസിംഗ്‌ സ്‌ക്വാഡ്‌, പെരുമാറ്റച്ചട്ടം നടപ്പിലാക്കാനുള്ള സ്‌ക്വാഡ്‌ എന്നിവ 13 മണ്ഡലങ്ങള്‍ക്കും ഓരോന്ന്‌ വീതം ഉണ്ടാകും. ഓരോ സ്‌ക്വാഡിലും മൂന്ന്‌ അംഗങ്ങള്‍ വീതമാണുളളത്‌. ചേലക്കര, കുന്ദംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പാലക്കാട്‌ കളക്ടറുടെ കീഴില്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലും കൊടുങ്ങല്ലൂര്‍, കയ്‌പമംഗലം, ചാലക്കുടി നിയമസഭാ മണ്ഡലങ്ങള്‍ എറണാകുളം കളക്ടറുടെ കീഴില്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലും ആണെങ്കിലും 13 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിങ്‌ യന്ത്രം സ്വീകരിക്കുന്നതു വരെയുള്ള പ്രക്രിയ തൃശൂര്‍ കളക്ടറുടെ ചുമതലയിലാണ്‌. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലനത്തിന്‌ അസിസ്റ്റന്റ്‌ കലക്ടര്‍ എസ്‌. പ്രേം കൃഷ്‌ണന്‍, നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ സി. ലതിക, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എച്ച്‌ അഹമ്മദ്‌ നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

date