Skip to main content

നഗരസഭയിലെ കിണറുകള്‍ ശുചീകരിച്ച് വിദ്യാര്‍ത്ഥികള്‍

കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം പ്രളയ ജലം കയറി മലിനമായ മലപ്പുറം നഗരത്തിലെ വീടുകളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി. മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ഗവ.കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ ' ഞങ്ങളുണ്ട് കൂടെ ' എന്ന പേരില്‍ നടപ്പാക്കുന്ന  പദ്ധതിയുടെ ഭാഗമായാണ് വളണ്ടിയര്‍മാര്‍  നഗരസഭയിലെ മുണ്ടുപറമ്പ് ചേരി , കാട്ടുങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകള്‍ വൃത്തിയാക്കിയത്. വളണ്ടിയര്‍ സെക്രട്ടറിമാരായ അംന , അഞ്ജലി മോഹന്‍ ദാസ് , റുഫാദ എന്നിവരുടെ നേതൃത്വത്തില്‍ 50 വളണ്ടിയര്‍മാരാണ് കിണറുകള്‍ ശുചീകരിച്ചത് .
വളണ്ടിയര്‍ സെക്രട്ടറി അര്‍ശദിന്റെ നേതൃത്വത്തില്‍ 50 വളണ്ടിയര്‍മാര്‍ കോട്ടപ്പടി താലൂക്കാശുപത്രി ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 14, 15 തിയതികളില്‍ കോളജില്‍ വിഭവ സമാഹരണം നടത്തും. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന  നിലമ്പൂരിലെ ഗ്രാമ പ്രദേശങ്ങളില്‍ വിതരണം ചെയ്യാനാവശ്യമായ നാപ്കിനുകള്‍, അടി വസ്ത്രങ്ങള്‍, കുട്ടികള്‍ക്കാവശ്യമായ പുസ്തകങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍ എന്നിവയാണ് സമാഹരിക്കുന്നത്.വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് കുട്ടി , പ്രോഗ്രാം ഓഫീസര്‍മാരായ മൊയ്തീന്‍ കുട്ടി കല്ലറ , പ്രൊഫ. ഹസനത്ത്, ആസിഫലി  എന്നിവര്‍ നേതൃത്വം നല്‍കി.

 

date