Skip to main content

പ്രളയത്തിൽനിന്നുള്ള കേരളത്തിന്റെ തിരിച്ചുവരവ് പ്രചോദനാത്മകം: മുഖ്യമന്ത്രി പിണറായി വിജയൻ

 

* ടൂറിസം കോൺക്ളേവ് ഉദ്ഘാടനം ചെയ്തു
കഴിഞ്ഞ വർഷത്തെ വിനാശകരമായ പ്രളയത്തിൽനിന്ന്, ടൂറിസം മേഖലയിലുൾപ്പെടെയുള്ള കേരളത്തിന്റെ തിരിച്ചുവരവ് രാജ്യത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം മന്ത്രിമാരുടെ കോൺക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഉയർന്ന നികുതിനിരക്കുകൾ, വിമാനയാത്രക്കൂലി തുടങ്ങി ടൂറിസം മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ നികുതി നിരക്ക് യൂക്തിസഹമാക്കേണ്ടത് അടിയന്തര ആവശ്യമാണ്. റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ വിനോദസഞ്ചാരസൗഹൃദമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ടൂറിസം പ്രോത്സാഹനത്തിനായി പരമ്പരാഗതരീതികൾക്കൊപ്പം ഡിജിറ്റൽ വിപണനവും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രപരിഷ്‌കരണം ലക്ഷ്യമിടുന്ന വിനോദസഞ്ചാരനയമാണ് സംസ്ഥാനം നടപ്പാക്കുന്നത്. ഈ സർക്കാർ അധികാരത്തിൽവന്ന ശേഷം ചെറുതും വലുതുമായ ഇരുനൂറ് വിനോദസഞ്ചാരപദ്ധതികൾ ആവിഷ്‌കരിച്ചു. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ സുപ്രധാനഘടകമാണ് വിനോദസഞ്ചാരം. വിനോദസഞ്ചാരസ്ഥലങ്ങളിൽ സംസ്ഥാനം ഹരിതപെരുമാറ്റച്ചട്ടം പ്രോത്സാഹിപ്പിക്കുകയാണ്. നമ്മുടെ ടൂറിസം വ്യവസായത്തിന്റെ നട്ടെല്ല് എന്നു പറയാവുന്ന യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിലാണ് സംസ്ഥാനം ശ്രദ്ധയൂന്നുന്നത്. വിപുലമായ ടൂറിസം സാധ്യതയാണ് ഇന്ത്യയ്ക്കുള്ളത്. അവസരങ്ങൾ നമ്മൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പരസ്പരം പ്രയോജനമുണ്ടാകുന്ന രീതിയിൽ സംസ്ഥാനങ്ങൾ സൃഷ്ടിപരമായി കൂട്ടായി പ്രവർത്തിക്കണമെന്നും ഇടപെടലുകൾ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിനോദസഞ്ചാരവ്യവസായം നിരവധി വെല്ലുവിളികൾ നേരിടുന്നതായി അധ്യക്ഷത വഹിച്ച ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജിഎസ്ടി നിരക്ക് ടൂറിസം വ്യവസായത്തെ ശ്വാസം മുട്ടിക്കുന്നതാണ്.  ഉത്സവസീസണിൽ വിമാനക്കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നതും പ്രധാനപ്രശ്നമാണ്. യാത്രസൗകര്യങ്ങൾ ടൂറിസം മേഖലയെ സംബന്ധിച്ച് അവിഭാജ്യഘടകമാണ്. ടൂറിസം വികസനത്തിന് സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ് പട്ടേൽ മുഖ്യാതിഥിയായി. ഓരോ സംസ്ഥാനത്തിനും അവയുടേതായ സവിശേഷതകളുണ്ടെന്ന് മന്ത്രി പറഞ്ഞു. വികസനരംഗത്ത് പരസ്പരം പോരടിക്കാതെ ഓരോ സംസ്ഥാനവും കൊടുക്കൽവാങ്ങലുകളിലൂടെ കൂട്ടായി പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്പീക്കർ മുഖ്യപ്രഭാഷണം നടത്തി. ടൂറിസം മേഖലയുടെ വികസനത്തിനായി വിദേശമലയാളികളുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്താൻ ലോകകേരളസഭയിലൂടെ ലക്ഷ്യമിടുന്നതായി സ്പീക്കർ പറഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം വ്യവസായം വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. കെടിഡിസി ചെയർമാൻ എം.വിജയകുമാർ ആശംസപ്രസംഗം നടത്തി. കോവളം ലീല റാവിസിൽ നടന്ന കോൺക്ളേവിൽ ടൂറിസം സെക്രട്ടറി റാണി ജോർജ് സ്വാഗതവും ഡയറക്ടർ പി.ബാലകിരൺ നന്ദിയും പറഞ്ഞു. കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ് പട്ടേലിന് മുഖ്യമന്ത്രി ഉപഹാരം നൽകി.
കോൺക്ളവേിൽ ബീഹാർ വിനോദസഞ്ചാരമന്ത്രി കൃഷ്ണകുമാർ റിഷി, കർണാടക വിനോദസഞ്ചാരമന്ത്രി സി.ടി.രവി, ഒഡിഷ വിനോദസഞ്ചാരമന്ത്രി ജ്യോതിപ്രകാശ് പാണിഗ്രാഹി, നാഗാലാൻഡ് സർക്കാരിന്റെ ടൂറിസം അഡൈ്വസർ എച്ച്. ഖെഹോവി യെപുത്തോമി എന്നിവർ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസം ഡയറക്ടർമാരും മറ്റ് ഉന്നതോദ്യോഗസ്ഥരും ടൂറിസം വ്യവസായമേഖലയുടെ പ്രതിനിധികളും കോൺക്ളേവിൽ പങ്കെടുത്തു.
സുസ്ഥിരവിനോദസഞ്ചാരത്തിലെ മികച്ച മാതൃകകൾ, ടൂറിസം വ്യവസായം നേരിടുന്ന വെല്ലുവിളികൾ, സംസ്ഥാന ടൂറിസം ബോർഡുകളുടെ ബ്രാൻഡിങ്ങും പ്രൊമോഷനും എന്നീ സെഷനുകളിലായി വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം ഉദ്യോഗസ്ഥർ അനുഭവങ്ങൾ പങ്കുവെയ്ക്കലും അവതരണങ്ങളും നടത്തി.
പി.എൻ.എക്‌സ്.3311/19

date