Skip to main content

ജലസേചന പദ്ധതികൾ തയാറാക്കുമ്പോൾ കാർഷിക ഉത്പാദന വർധനവും കണക്കിലെടുക്കണം: മന്ത്രി കെ. കൃഷ്ണൻകുട്ടി

 

കൃഷിക്കായി ഉപയോഗിക്കുന്ന ഒരു ലിറ്റർ ജലത്തിൽനിന്നുള്ള കർഷികോത്പാദനം എത്രയെന്ന കണക്കുണ്ടാക്കിവേണം ജലസേചന പദ്ധതികൾ ആസൂത്രണം ചെയ്യാനെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി. നാഷണൽ ഹൈഡ്രോളിക് പ്രൊജക്ടിന്റെ അടുത്ത അഞ്ചുവർഷത്തേക്കുള്ള പദ്ധതികളുടെ രൂപരേഖ തയാറാക്കാനായി സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര പ്രദേശത്ത് ജലസേചന സൗകര്യമെത്തിച്ചുവെന്ന് മാത്രം നോക്കരുത്. ഈ ജലം കർഷകന് ഉപയോഗപ്പെടുന്നുണ്ടോ എന്നും കർഷകന് തന്റെ ഉത്പാദനം എത്രകണ്ട് വർധിപ്പിക്കാനായി എന്നും പരിശോധിക്കണം. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ഇതൊക്കെ പഠിച്ചാണ് ജലസേചന പദ്ധതികൾ തയാറാക്കുന്നത്. ആ മാതൃക സ്വീകരിക്കാൻ നമ്മുടെ ഉദ്യോഗസ്ഥർക്കും കഴിയണം. കർഷകനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ഓർമ്മ ഉണ്ടാകേണ്ടതുണ്ട്.
ഫീസ് വാങ്ങി ഭൂഗർഭ ജലം ഉപയോഗിക്കാൻ അനുവാദം നൽകാറുണ്ട്. കൃഷിക്കും വ്യവസായത്തിനും ഇങ്ങനെ അനുമതി നൽകുമ്പോൾ അവർ ആ ജലം എന്തിന് ഉപയോഗിക്കുന്നുവെന്നും അതിൽനിന്നുള്ള ഉത്പാദനം എത്രത്തോളമുണ്ടെന്നും കണക്കുണ്ടാവണം. ഈ ജലം എന്തിനൊക്കെ ഉപയോഗിക്കാമെന്നത് സംബന്ധിച്ച് നിർദ്ദേശം നൽകാൻ വകുപ്പിന് കഴിയണം. ഡാമുകളിൽ എത്രത്തോളം വെള്ളം വരുന്നുവെന്നതിന്റെ കണക്കുകൾ കൂടുതൽ ശാസ്ത്രീയമായി തയാറാക്കേണ്ടതുണ്ട്. മഹാപ്രളയകാലത്ത് മലമ്പുഴ ഡാം തുറന്നിട്ടും വെള്ളിയാങ്കലിൽ പ്രശ്നമുണ്ടായില്ല. ഇത്തവണ ഡാം തുറക്കാതെതന്നെ അവിടെ പ്രശ്നമുണ്ടാവുകയും ചെയ്തു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും മന്ത്രിപറഞ്ഞു. ഹോട്ടൽ സൗത്ത്പാർക്കിൽ നടന്ന ചടങ്ങിൽ എൻഎച്ച്പി സീനിയർ ജോയിന്റ് കമ്മിഷണർ രാജേഷ് കശ്യപ്, ഡെപ്യൂട്ടി ഡയറക്ടർ രാജാറാം പുരോഹിത്, ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ചീഫ് എൻജിനിയർ കെ.എ. ജോഷി എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്.3331/19

date