Skip to main content
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ  ആധുനികരീതിയിൽ നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെയും  സോളാർപാനൽ പദ്ധതിയുടെയും ഉദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനോജ് എരിച്ചിരിക്കാട്ട് നിർവഹിക്കുന്നു.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് ഇനി പുതുമുഖഛായ

 

 

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ  ആധുനികരീതിയിൽ നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെയും  സോളാർപാനൽ പദ്ധതിയുടെയും പ്രവർത്തനോദ്ഘാടനം നടന്നു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ്‌ സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സതീഷ് കേശവൻ അധ്യക്ഷനായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി  തത്സമയം ബ്ലോക്ക് പഞ്ചായത്തിന് ആശംസ നേർന്നു.

 

60 വർഷം പിന്നിട്ട തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയമാണ്  ആധുനിക സൗകര്യങ്ങളോടെ നവീകരണ പ്രവർത്തനങ്ങൾ നടത്തി ഹൈ ടെക് നിലവാരത്തിലേക്ക് ഉയർത്തിയത്. ബ്ലോക്ക് പഞ്ചായത്ത് 2018-19 പ്ലാൻ ഫണ്ടിൽ നിന്നുള്ള 18 ലക്ഷം രൂപ മുതൽ മുടക്കിയാണ് കാര്യാലയം മെച്ചപ്പെടുത്തിയത്.  ഓഫീസ് സമുച്ചയം കൂടാതെ ചുറ്റുമതിൽ,  മുറ്റം,  പാർക്കിംഗ് ഏരിയ എന്നിവയുടെയും ഇതിനോടനുബന്ധിച്ച്  നവീകരണപ്രവർത്തനം പൂർത്തിയാക്കി. കാലപ്പഴക്കം മൂലം അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഓഫീസ് ജീവനക്കാർക്ക് പ്രത്യേകം ക്യാബിൻ തിരിച്ച് എല്ലാ സെക്ഷനും കമ്പ്യൂട്ടർ സംവിധാനം ഒരുക്കി ഹൈടെക് സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്‌ കാര്യാലയം. കൂടാതെ കോൺഫ്രൻസ് ഹാൾ, ഫ്രണ്ട് ഓഫീസ്, ഷീ ടോയ്ലറ്റ്, ഫീഡിങ് റൂം തുടങ്ങിയവയും പൊതുജനങ്ങളുടെ സൗകര്യത്തിനായി നിർമ്മിച്ചിരിക്കുകയാണ്.

 

വൈദ്യുതി ഉപയോഗം സൗരോർജ്ജത്തിലാക്കി പ്രവർത്തിക്കുന്നു എന്നുള്ള പ്രത്യേകത കൂടി ഇനി മുതൽ തൊടുപുഴ  ബ്ലോക്ക് പഞ്ചായത്തിനുണ്ട്.  ആധുനിക സൗകര്യങ്ങളോട് കൂടി നവീകരിച്ച ബ്ലോക്ക് ഓഫീസ് കാര്യാലയം ഇനിമുതൽ പ്രവർത്തിക്കുന്നത് സോളാർ പാനലിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ  അടിസ്ഥാനത്തിലാണ്. മിച്ചം വരുന്ന വൈദ്യുതി കെ.എസ്. ഇ. ബി ക്ക് നൽകും.

 

പി.എ.യു പ്രൊജക്റ്റ്‌ ഡയറക്ടർ പി സുരേന്ദ്രൻ, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കുട്ടിയമ്മ മൈക്കിൾ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഷൗജമോൾ പി കോയ, സെറി കൾച്ചർ ഓഫീസർ ജെയ്സൺ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ജേക്കബ് മത്തായി, തൊടുപുഴ ബ്ലോക്ക് ബി.ഡി.ഒ സക്കീർ ഹുസൈൻ ഇബ്രാഹിം തുടങ്ങിയവർ പരിപാടിയിൽ സംസാരിക്കുകയും  ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്ത്‌ ഉദ്യോഗസ്ഥരും പങ്കെടുക്കുകയും ചെയ്തു. 

date