Skip to main content
പത്തനംതിട്ട കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി യോഗം ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷതയില്‍ നടന്നപ്പോള്‍. സമിതി അംഗങ്ങളായ ടി.വി ഇബ്രാഹിം എം.എല്‍.എ, കെ.അന്‍സലന്‍ എം.എല്‍.എ, എഡിഎം അലക്‌സ് പി തോമസ് തുടങ്ങിയവര്‍ സമീപം.

നിയമസഭ പിന്നോക്ക സമുദായ ക്ഷേമ സമിതി സിറ്റിംഗ് നടത്തി;   ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്  പഠിച്ചതിനുശേഷം ആവശ്യമായ  നടപടികള്‍ സ്വീകരിക്കും: പിന്നോക്ക സമുദായ ക്ഷേമ സമിതി

കേരള നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി യോഗം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സമിതി അംഗങ്ങളായ കെ.അന്‍സലന്‍ എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ, എഡിഎം അലക്‌സ് പി.തോമസ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. 

പിന്നോക്ക സമുദായത്തില്‍പ്പെട്ടവരില്‍ നിന്ന് ക്ഷേമ സമിതിക്കു ജില്ലയില്‍ നിന്നു ലഭിച്ച മൂന്നു പരാതികള്‍ക്കു പുറമെ യോഗത്തില്‍ എത്തിയ സംഘടനകള്‍, വ്യക്തികളില്‍ എന്നിവരില്‍ നിന്നുള്ള പരാതികളും സമിതി പരിഗണിച്ചു. ലഭിച്ച പരാതികളില്‍ നിന്നും രണ്ടു പരാതികള്‍ തീര്‍പ്പാക്കുകയും മറ്റു പരാതികളില്‍ ആവശ്യമായ  നടപടികള്‍ സ്വീകരിക്കാന്‍ അതത് വകുപ്പുകളോട് നിര്‍ദേശിച്ചു.  സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒ.ബി.സി വിഭാഗത്തിലെ 30 സമുദായങ്ങള്‍ക്ക് ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആനുകൂല്യം വിളക്കിത്തല നായര്‍ സമുദായം പോലെയുള്ള ഒ.ബി.സി സമുദായങ്ങള്‍ക്കു ലഭിക്കുന്നില്ലെന്ന പരാതിയില്‍ അടിയന്തരമായി എല്ലാ സ്‌കൂളുകളിലേക്കും ഈ ഉത്തവിന്റെ പകര്‍പ്പ് അയച്ചു കൊടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് സമിതി നിര്‍ദേശിച്ചു.  ട്രെയിന്‍ യാത്രയ്ക്കിടയില്‍ പണിയായുധങ്ങള്‍ നഷ്ടപ്പെട്ടതോടെ ഉപജീവനം വഴിമുട്ടിയ യുവാവിന്  അടിയന്തരമായി പണിയായുധങ്ങള്‍ അടങ്ങിയ ടൂള്‍ കിറ്റ് നല്‍കണമെന്ന് അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനോട് സമിതി നിര്‍ദേശിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള ജൂനിയര്‍ നഴ്‌സ് തസ്തികയിലേക്ക് പി.എസ്.സി നിയമനം നടത്തണം എന്നതിനെ സംബന്ധിച്ച് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിയമനത്തില്‍ തീര്‍പ്പുണ്ടായി.

ദേവസ്വം ബോര്‍ഡ്, എയ്ഡഡ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സംവരണം പാലിക്കുന്നില്ല, സംസ്ഥാന ബജറ്റില്‍ അനുവദിച്ച 10 കോടി രൂപയില്‍ നിന്ന് വിശ്വകര്‍മ പെണ്‍കുട്ടികളുടെ വിവാഹത്തിനു ധനസഹായം അനുവദിക്കണം, ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തില്‍ അമിതഫീസ് ഈടാക്കുന്നതിനാല്‍ വിശ്വകര്‍മ്മജരായ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എന്നിവ ഉള്‍പ്പെടെ വിശ്വകര്‍മ സമിതി, വിശ്വകര്‍മ മഹാസഭ തുടങ്ങിയ സംഘടനകള്‍ നല്‍കിയ പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും സമിതി വ്യക്തമാക്കി. പിന്നോക്ക സമുദായങ്ങള്‍ക്കു വേണ്ടിയുള്ള ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പഠിച്ചതിനുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സമിതി അധ്യക്ഷന്‍ പറഞ്ഞു. 

 സര്‍ക്കാര്‍  സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍,  സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍  പിന്നോക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്കു ലഭിക്കേണ്ട  സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും  പിന്നോക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന  സാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്നങ്ങളെ  സംബന്ധിച്ചുമാണു വ്യക്തികള്‍, സംഘടനകളില്‍ എന്നിവരില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിച്ചത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരാതിക്കാരും യോഗത്തില്‍ പങ്കെടുത്തു.

date