വീട് എന്ന സ്വപ്നം പൂർത്തീകരിച്ചു ലൈഫ് മിഷൻ : ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ 317 വീടുകൾ ഒരുങ്ങുന്നു
ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 317 വീടുകൾ പൂർത്തീകരിക്കും. ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. കുടുംബ സംഗമം ബി ഡി ദേവസ്സി എം എൽ എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 268 വീടുകൾ പണി പൂർത്തീകരിച്ചു.പൂർത്തീകരിച്ച വീടുകളുടെയടക്കം പത്തരക്കോടി രൂപയുടെ ഭവന നിർമ്മാണ പ്രവർത്തനങ്ങളാണ് ബ്ലോക്ക് പരിധിയിൽ പുരോഗമിക്കുന്നത്.ലൈഫിന്റെ ഒന്നാം ഘട്ടത്തിൽ 59 വീടുകൾ അനുവദിച്ചതിൽ 56 എണ്ണവും രണ്ടാം ഘട്ടത്തിൽ 219 വീടുകൾ അനുവദിച്ചതിൽ 177 എണ്ണവും പി എം എ വൈ പദ്ധതി പ്രകാരം 39 വീടുകൾ അനുവദിച്ചതിൽ 35 എണ്ണവും പണി പൂർത്തീകരിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമ്മ വർഗീസ്, ജെനീഷ് പി ജോസ്, ഉഷ ശശിധരൻ, പി. പി ബാബു, കുമാരി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പുഷ്പി വിത്സൺ, എം രാജ ഗോപാൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി കെ കെ ശങ്കരൻ കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു.ജെ പി സി മഹാത്മാ ഗാന്ധി എൻ ആർ ഇ ജി എസ് പി. സി ബാല ഗോപാൽ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല സ്വാഗതവും ജോയിന്റ് ബിഡിഒ ( ഭവനം ) പി ടി ഉണ്ണി നന്ദിയും പറഞ്ഞു.
ചടങ്ങിൽ ലൈഫ് ഭവന പദ്ധതിയിൽ മികച്ച സേവനം കാഴ്ചവെച്ച പഞ്ചായത്ത് തല ഉദ്യോഗസ്ഥരെ എം എൽ എ പുരസ്‌കാരം നൽകി ആദരിച്ചു. എം ആർ എസിലെ പ്ലസ് ടു വിദ്യാർത്ഥിനികൾ ആദിവാസി നൃത്തരൂപമായ ഉരുള നൃത്തം അവതരിപ്പിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് അദാലത്തും കുടുംബ സംഗമത്തോടൊപ്പം നടത്തി. രജിസ്‌ട്രേഷൻ, ആരോഗ്യം, റവന്യൂ, കെ എസ് ഇ ബി, കുടുംബ ശ്രീ, ക്ഷീര വികസനം എന്നീ 16 വകുപ്പുകളിൽ നിന്നുള്ള സേവനം അദാലത്തിൽ പൊതുജനത്തിനായി ഒരുക്കിയിരുന്നു.
- Log in to post comments