Skip to main content

ലൈഫിൽ സുരക്ഷിതരായി ജിഷയും കുടുംബവും

ലൈഫ് മിഷനിലൂടെ സുരക്ഷിതമായ ഭവനം എന്ന സ്വപനം യാഥാർത്ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് എടശ്ശേരി കോക്കട്ടിൽ പ്രമീളയും കുടുംബവും.
മാനസിക വെല്ലുവിളി നേരിടുന്ന 22കാരി ജിഷയ്ക്കും 62 വയസ്സുള്ള തൊഴിലുറപ്പ് തൊഴിലാളിയായ പ്രമീളയ്ക്കും ലൈഫ് മിഷനിലൂടെ 'പുതുജീവകം ലഭിച്ചത്തിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.
മകളെ സുരക്ഷിതമാക്കണമെന്ന സ്വപ്നം'ലൈഫ് മിഷനിലൂടെ ഈ കുടുംബത്തിന് യാഥാർത്യമായിരിക്കുകയാണ്.
വാർധക്യത്തിന്റെ അവശതകളിൽ ബുദ്ധിമുട്ടുമ്പോഴും ഒരു വീടെന്ന മോഹം സാക്ഷാത്കരിക്കാനുള്ള തത്രപാടിലായിരുന്നു പ്രമീള. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന മകൾ ജിഷയെ സുരക്ഷിതമായി അടച്ചുറപ്പുള്ള വീട്ടിലാക്കി തൊഴിലുറപ്പ് ജോലിക്ക് പോകണമെന്ന ഒരു ആഗ്രഹം മാത്രമാണ് ഈ അമ്മക്ക് ഉണ്ടായിരുന്നത്. ആ സ്വപ്നമാണ് സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ സഫലമായിരിക്കുന്നത്. അടച്ചുറപ്പില്ലാത്തതും ചോർന്നൊലിക്കുന്നതുമായ ഒരു ഓലക്കുടിലായിരുന്നു അന്തിയുറങ്ങാൻ ഉണ്ടായിരുന്നത്. ജോലിക്ക് പോകുമ്പോൾ മകളുടെ സുരക്ഷിതത്വത്തിനായി അന്തിക്കാട് ബഡ്‌സ് സ്‌കൂളിലാക്കിയായിരുന്നു ഈ അമ്മ ജോലിക്ക് പോയിരുന്നത്. ടൈൽ വിരിച്ച് ഭംഗിയാക്കി അറ്റാച്ച്ഡ് ബാത്ത് റൂമോടുകൂടിയുള്ള വീടാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ ഇവർക്ക് ലഭിച്ചത്. ജനറൽ വിഭാഗത്തിലായതിനാൽ ആനുകൂല്യങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു എങ്കിലും ലൈഫ് മിഷന്റെ സർവ്വേ ലിസ്റ്റിൽ ഉൾപ്പെടുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലൂടെയാണ് ജിഷയുടെ ഭവന പൂർത്തീകരണം നടന്നത്.
വീട് നിർമ്മാണത്തിന് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന പ്രമീളക്ക് 90 ദിവസത്തെ തൊഴിൽ ദിനങ്ങൾ അനുവദിക്കുകയും ഒരു ദിവസത്തേക്ക് 271 രൂപ വേതനമായി നൽകുകയും ചെയ്തു. തൊഴിൽ ഉറപ്പ് പദ്ധതി മുഖേന ചുമർ നിർമ്മാണത്തിന് ആവശ്യമായ കട്ടയും സിമന്റും പഞ്ചായത്ത് നൽകി. ഇതോടെ ഉയർന്ന ജീവിത സൗകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതി എന്ന ലൈഫ് മിഷന്റെ ലക്ഷ്യത്തിലൂടെ സുരക്ഷിതമായ ഭവനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രമീളയും മകളും.

date