ലൈഫ് മിഷൻ: തളിക്കുളം ബ്ലോക്ക് കുടുംബസംഗമം നടത്തി
ഈ സർക്കാരിന്റെ കാലഘട്ടത്തിൽ തന്നെ സംസ്ഥാനം ഭവന രഹിത ഗ്രാമമായി മാറവുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ മന്ത്രി എ.സി. മൊയ്തീൻ. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം വീടുകളുടെ നിർമ്മാണം ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തിയാക്കാൻ കഴിഞ്ഞു. മതം നോക്കിയല്ല സർക്കാർ പാവങ്ങൾക്ക് വീട് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
അമ്പതിനായിരം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിൽ പാർപ്പിടം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നാലായിരം കോടി വായ്പയെടുത്താണ് സർക്കാർ ലൈഫ് പദ്ധതി നടപ്പാക്കുന്നത്. ഈ സർക്കാർ അധികാര മൊഴിയുമ്പോൾ വീടും ഭൂമിയുമില്ലാത്ത ഒരു കുടുംബവും സംസ്ഥാനത്ത് ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.
നാട്ടിക ശ്രീ നാരായണ ഹാളിൽ നടന്ന സംഗമത്തിൽ ഗുണഭോക്താക്കൾക്ക് രജിസ്‌ട്രേഷന് പ്രത്യേകം കൗണ്ടർ സജ്ജമാക്കിയിരുന്നു. ഇരുപതോളം സർക്കാർ വകുപ്പുകളുടെ സ്റ്റാൾ ഒരുക്കിയാണ് അദാലത്ത് നടത്തിയത്.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി ലൈഫ് മിഷൻ ഒന്ന് രണ്ട് ഘട്ടങ്ങളിലും പി എം എ വൈ(ജി) പദ്ധതിയിലുമായി 514 കുടുംബങ്ങളുടെ ഭവന നിർമ്മാണം പൂർത്തികരിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി മഹാദേവൻ അധ്യക്ഷയായി. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.എ സജിതാ, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി ആർ ഷാജി, വലപ്പാട്ട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ എന്നിവർ പങ്കെടുത്തു.
- Log in to post comments