Skip to main content

ജനസംഖ്യാ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കലും തമ്മിൽ ബന്ധമില്ല

ജനസംഖ്യ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ. പി. ആർ) പുതുക്കലും തമ്മിൽ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്ത പ്രക്രിയകളാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജനസംഖ്യ കണക്കെടുപ്പ് രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഇത്തവണ ആദ്യ ഘട്ട ജനസംഖ്യ കണക്കെടുപ്പിനൊപ്പം എൻ.പി. ആർ പുതുക്കുന്നതിന് ആവശ്യമായ വിവരങ്ങളും ശേഖരിക്കാനായിരുന്നു കേന്ദ്ര സർക്കാർ തീരുമാനം. എന്നാൽ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കൽ നടപടി നടത്തുകയോ സഹകരിക്കുകയോ ചെയ്യില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം കേന്ദ്ര സർക്കാരിനെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ എൻ. പി. ആർ പ്രവർത്തനങ്ങൾ നടത്തുകയോ വിവരങ്ങൾ വീടുകളിൽ നിന്ന് എന്യുമറേറ്റർമാർ ശേഖരിക്കുകയോ ചെയ്യില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
    ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടം ഏപ്രിൽ, മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് നടക്കുന്നത്. വാസസ്ഥലം രേഖപ്പെടുത്തലും ഗൃഹനാഥന്റെ പേര്, അംഗങ്ങളുടെ എണ്ണം, വാസസ്ഥലത്തിന്റെ അവസ്ഥ, അടുക്കള, കുടിവെള്ളം, ശൗചാലയം, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങി സൗകര്യങ്ങളും സാമഗ്രികളും ഉൾപ്പെടെയുള്ള 33 ചോദ്യങ്ങളും വിവരങ്ങളും മാത്രമാണതിൽ ശേഖരിക്കുന്നത്. രണ്ടാം ഘട്ടമായി 2021 ഫെബ്രുവരി ഒൻപത് മുതൽ മാർച്ച് അഞ്ചു വരെയാണ് ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത്. ആ സമയം ജനസംഖ്യ കണക്കെടുപ്പിനാവശ്യമായ വ്യക്തിഗത വിവരങ്ങൾ മാത്രമേ ശേഖരിക്കൂ. വിവാദമുണ്ടാക്കുന്ന ചോദ്യങ്ങൾ ജനസംഖ്യാ കണക്കെടുപ്പിനുള്ള ചോദ്യാവലിയിൽ ഉൾപ്പെടുന്നില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 
    ജനസംഖ്യ കണക്കെടുപ്പുമായി സഹകരിക്കുമെന്ന് കേന്ദ്ര സർക്കാരിന് കീഴിലുള്ള റെജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മീഷണനെ കേരളം അറിയിച്ചിട്ടുണ്ട്. പത്തു വർഷത്തിലൊരിക്കൽ രാജ്യത്ത് നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിൽ ശേഖരിക്കുന്ന സാമ്പത്തിക, സാമൂഹ്യ, വ്യക്തിഗത വിവരങ്ങൾ നാടിന്റെ അടുത്ത പത്ത് വർഷത്തേക്കുള്ള വിസകന പ്രവർത്തനങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായകമാണ്. അതിനാൽ കണക്കെടുപ്പിനായി അധ്യാപകരും സർക്കാർ ജീവനക്കാരുമടങ്ങുന്ന എന്യുമറേറ്റർമാർ വീടുകളിലെത്തുമ്പോൾ വിവരങ്ങൾ നൽകി ജനങ്ങൾ സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചു. 
    സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ് 2021) പ്രവർത്തനങ്ങൾ സുഗമമാക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല സെൻസസ് കോഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യു, പ്ലാനിംഗ്, പൊതുഭരണം, ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ, തദ്ദേശസ്വയംഭരണം, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സെൻസസ് ഓപ്പറേഷൻസ് ഡയറക്ടർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മീഷണർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ സംസാരിച്ചു. ജില്ലകളിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായ ജില്ലാകളക്ടർമാർക്ക് സെൻസസ് പ്രവർത്തനം സംബന്ധിച്ച് പരിശീലനം നൽകുന്നതിന് ജനുവരി 31ന് തിരുവനന്തപുരത്ത് യോഗം നടത്താൻ തീരുമാനിച്ചു.  
 

date