Skip to main content

കൊറോണ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു- ആരോഗ്യമന്ത്രി

*അതീവ ജാഗ്രത തുടരും
കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അപക്‌സ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.
ഇത് ആരെയും ഭയപ്പെടുത്താനല്ല, നമുക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞാൽ മരണങ്ങളില്ലാതെ രക്ഷപ്പെടുത്താനാകും. ശ്രദ്ധയിൽപ്പെടാതെ വൈറസ് ബാധ പെരുകാനിടവരുത്തരുത്. അതുകൊണ്ട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ റാപ്പിഡ് റെസ്‌പോൺസ് ടീം യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
രോഗബാധിത പ്രദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയവർ രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങൾ കഴിയുന്നതുവരെ വീടുകളിൽത്തന്നെ തുടരുകയും പൊതു ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുകയും വേണം.
സംസ്ഥാനത്തുടനീളം ജാഗ്രത തുടരും. തൃശൂർ, കാസർകോട്, ആലപ്പുഴ ജില്ലകളിൽ കൂടുതൽ ശ്രദ്ധയോടെയുള്ള ഇടപെടൽ നടത്തുന്നുണ്ട്. സംസ്ഥാനതലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ സജ്ജമാണ്.
2239 പേർ കോറോണ ബാധിത മേഖലകളിൽ നിന്ന് സംസ്ഥാനത്ത് എത്തിയതായാണ് നിലവിലെ കണക്ക്. ഇവരിൽ 84 പേരെ ആശുപത്രികളിലാക്കിയിട്ടുണ്ട്. ഇവരിൽ ചിലർക്ക് രോഗലക്ഷണങ്ങൾ ഉള്ളതിനാൽ ഐസോലേഷൻ വാർഡുകളിലാണ്. മറ്റു ചിലരും ബന്ധുകളും നിരീക്ഷണത്തിലാണ്. വീടുകളിൽ 2155 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ ഹോം ക്വാറൻറയിനിൽ വെക്കാനുള്ളവർക്ക് അതിനാവശ്യമുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഇതുവരെ 140 സാമ്പിളുകളാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതിൽ 49 പരിശോധനാഫലങ്ങൾ വന്നതിൽ മൂന്നെണ്ണമാണ് പോസിറ്റീവ്. ബാക്കി ഫലങ്ങൾ വരാനുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കാസർകോട് നിന്ന് ഒരു രോഗിയുടെ പരിശോധനാഫലം പോസിറ്റീവ് ആയി കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൃത്യസമയത്ത് കണ്ടെത്തി ചികിത്സ നൽകാൻ കഴിഞ്ഞതിന്റെ ഫലമാണ്.
കൃത്യമായ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ നിർദേശങ്ങൾ അനുസരിച്ച് ലക്ഷണങ്ങൾക്കുള്ള ചികിത്സയും നടത്തിയാണ് ഇവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നത്.
അതുകൊണ്ടുതന്നെ രോഗബാധിത മേഖലകളിൽ നിന്ന് വന്നിട്ടുള്ളവർ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും ചികിത്സ തേടുകയും വേണം.
മൂന്നാമത്തെ കേസും സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് തുടരുന്നത്. രോഗബാധിതരുമായി സമ്പർക്കത്തിലായിരുന്ന 82 പേരെ കണ്ടെത്തിയിട്ടുണ്ട്. അതിൽ 40 പേർ തൃശൂരും 42 പേർ മറ്റ് ജില്ലകളിലുമാണ്.
ഒരുപാട് പേർ സഹകരിക്കുകയും ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ചിലർ വിവരങ്ങൾ അറിയിക്കാത്തത് അവർക്കും നാടിനും ആപത്കരമാണ്. ഒരുമാസത്തെ വീട്ടുനിരീക്ഷണം കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.496/2020

date