Skip to main content

കോവിഡ്19: ബാങ്കുകൾ അനുഭാവ സമീപനം സ്വീകരിക്കും

കോവിഡ്-19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പ എടുത്തവർക്ക് പരമാവധി സഹായവും ഇളവുകളും നൽകുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എൽ.ബി.സി) പ്രതിനിധികൾ ഉറപ്പു നൽകി.
വായ്പയെടുത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തിരിച്ചടവിനുള്ള കാലാവധി ദീർഘിപ്പിക്കുക, റിസർവ് ബാങ്കിന്റെ നിർദേശം അനുസരിച്ച് വായ്പകൾ പുനഃക്രമീകരിക്കുക, പലിശയിൽ അനുഭാവപൂർവമായ ഇളവുകൾ നൽകുക, പുതിയ വായ്പകൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ബാങ്ക് പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.
എസ്.എൽ.ബി.സിയുടെ അടിയന്തര യോഗം ചേർന്ന് ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്ന് സമിതി കൺവീനർ അജിത് കൃഷ്ണൻ ഉറപ്പു നൽകി. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ബാങ്കുകൾ പൂർണപിന്തുണ നൽകും. എസ്.എൽ.ബി.സിയുടെ നിർദേശങ്ങൾ ഉടൻ റിസർവ് ബാങ്കിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും അജിത് കൃഷ്ണൻ അറിയിച്ചു.
കോവിഡ് പൊട്ടിപ്പുറപ്പെട്ടത് കേരളത്തിലും അസാധാരണമായ സാഹചര്യമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. കോവിഡ്-19 എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ടൂറിസം മേഖലയാണ് ഏറ്റവുമധികം പ്രയാസപ്പെടുന്നത്. ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ധാരാളം പേർക്ക് തൊഴിലെടുക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. യാത്രാനിയന്ത്രണവും സാമ്പത്തിക മേഖലയെ ബാധിച്ചു. രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതോടൊപ്പം നമ്മുടെ സാമൂഹ്യ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സാഹചര്യമൊരുക്കുകയും വേണം. അതുകൊണ്ടാണ് വായ്പ കാര്യത്തിൽ ബാങ്കുകൾ അനുഭാവ സമീപനം എടുക്കണമെന്ന് ആവശ്യപ്പെടുന്നത്. പ്രളയ കാലത്ത് ബാങ്കുകൾ നൽകിയതിനേക്കാൾ വലിയ പിന്തുണയും സഹായവും ഈ ഘട്ടത്തിൽ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ വകുപ്പ് സെക്രട്ടറി ആർ.കെ. സിങ്, ആസൂത്രണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലക്, ആർ.ബി.ഐ ജനറൽ മാനേജർ വി.ആർ പ്രവീൺകുമാർ, എ.ജി.എം. എം. മുരളീകൃഷ്ണൻ, നബാർഡ് ജനറൽ മാനേജർ ആർ ശ്രീനിവാസൻ എന്നിവരും പ്രധാന ബാങ്കുകളുടെ പ്രതിനിധികളും പങ്കെടുത്തു.
പി.എൻ.എക്സ്.1100/2020

 

date