Skip to main content

സംസ്ഥാനത്ത് 14 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു, ചികിത്‌സയിലുള്ളത് 105 പേർ

 

സംസ്ഥാനത്ത് പുതിയതായി 14 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ആറു പേർ കാസർകോട് ജില്ലയിലും രണ്ടു പേർ കോഴിക്കോട് ജില്ലയിലുമുള്ളവരാണ്. സംസ്ഥാനത്ത് 105 പേരാണ് ആകെ ചികിത്‌സയിലുള്ളത്. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ എട്ടു പേർ ദുബായിയിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നും മറ്റൊരാൾ യു. കെയിൽ നിന്നും വന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ ആകെ 72460 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 71,994 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും ആദ്യ ദിനത്തിൽ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഗൗരവപൂർണമല്ലാത്ത ഇടപെടലാണുണ്ടായത്. ജനങ്ങൾ അനാവശ്യ യാത്രകൾക്കും മറ്റുമായി പുറത്തിറങ്ങി. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുന്നതിനാണ് സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകിയത്. അത് അവസരമായെടുക്കരുത്. സ്വകാര്യ വാഹനങ്ങളിൽ യാത്ര നടത്തുന്നവരിൽ നിന്ന് യാത്രാവിവരം വ്യക്തമാക്കുന്ന സത്യവാങ്മൂലം വാങ്ങും. വീട്ടിൽ നിന്നിറങ്ങുമ്പോൾത്തന്നെ ഫോം പൂരിപ്പിച്ച് കൈയിൽ കരുതണം. ഫോമിൽ രേഖപ്പെടുത്തുന്ന കാര്യത്തിനല്ല യാത്രയെങ്കിൽ നടപടിയുണ്ടാവും. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ ഒരു മുതിർന്ന ആൾക്കുകൂടിയാണ് യാത്രയ്ക്ക് അനുമതിയുള്ളത്. പൊതുസ്ഥലത്ത് അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. ആൾക്കൂട്ടം ഒരുതരത്തിലും അനുവദിക്കില്ല. ഇതിനെതിരെ പോലീസ് നടപടി കൂടുതൽ ശക്തമാക്കും. കാസർകോട് ജില്ലയിൽ രാവിലെ 11 മുതൽ അഞ്ച് മണി വരെയും മറ്റു ജില്ലകളിൽ രാവിലെ ഏഴു മുതൽ അഞ്ച് മണി വരെയും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും.
കാസർകോട് ജില്ലയിൽ ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. വിനോദം, ആർഭാടം എന്നിവയുമായി ബന്ധപ്പെട്ട ഒരു കടയും തുറക്കില്ല. കടയിൽ പോകുന്നവർ കൃത്യമായ സുരക്ഷാ സംവിധാനങ്ങളോടെ വേണം സാധനങ്ങൾ വാങ്ങേണ്ടത്. സാധനം വാങ്ങിയാലുടൻ മടങ്ങുകയും വേണം.
ചിലർ ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട്. സാധനങ്ങളുടെ വിലകൂട്ടാനോ പൂഴ്ത്തിവയ്ക്കാനോ പറ്റില്ല. ഇതിനായി പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഇത്തരക്കാരെ കണ്ടെത്തിയാൽ ഒരു ദാക്ഷണ്യവുമില്ലാത്ത നടപടിയുണ്ടാവും.
അവശ്യസർവീസിന്റെ ഭാഗമായി ജോലിക്കെത്തേണ്ടവർക്ക് പോലീസ് പാസ് നൽകും. മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐ. ഡി കാർഡുകൾ മതി. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന മാധ്യമ പ്രവർത്തകർക്ക് ഇവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.
കാസർകോട് ജില്ലയിലെ എം. എൽ. എമാരുമായി ഓഡിയോ കോൺഫറൻസ് നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ പ്രാദേശികമായി കടകളിൽ ഭക്ഷ്യധാന്യങ്ങൾ ആവശ്യത്തിനുണ്ടോയെന്ന് കച്ചവടക്കാരുമായി ബന്ധപ്പെട്ട് കണ്ടെത്താൻ എം. എൽ. എമാരോട് നിർദ്ദേശിച്ചു. ഐസൊലേഷനിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ കൗൺസലിംഗ് നൽകുന്നതിന് പറ്റിയ ആളുകളെ എം. എൽ. എമാരുടെ നേതൃത്വത്തിൽ കണ്ടെത്തും. പ്രാദേശികമായി ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്നതിന് പറ്റിയ കെട്ടിടങ്ങൾ കണ്ടെത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ ബാത്ത് അറ്റാച്ച്ഡ് മുറിയിൽ ഒറ്റയ്ക്ക് കഴിയണം. ആവശ്യമായ സൗകര്യം വീടുകളിലില്ലാത്തവർ പൊതു ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറണം. എം. എൽ. എമാർ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നടത്തേണ്ട കാര്യങ്ങൾ ചർച്ച ചെയ്യണം. വിവിധതരം വിഷമം അനുഭവിക്കുന്നവർ, പ്രായമായവർ, ഭിന്നശേഷിക്കാൻ എന്നിവരെല്ലാം ഒരു പഞ്ചായത്തിൽ എത്രപേരുണ്ടെന്ന് തിട്ടപ്പെടുത്തണം. നിത്യവൃത്തിക്ക് വഴിയില്ലാത്തവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമുണ്ടെങ്കിൽ സന്നദ്ധപ്രവർത്തകരും വാർഡ്തല സമിതിയും കണ്ടെത്തി സഹായം എത്തിക്കണം. വീടുകളില്ലാതെ കട വരാന്തയിലും റോഡരികിലും രാത്രിയിൽ കിടന്നുറങ്ങുന്നവരുടെ വിവരം തദ്ദേശസ്ഥാപനങ്ങൾ ശേഖരിക്കും. ഇവരെ ഒരു കേന്ദ്രത്തിൽ താമസിപ്പിച്ച് ഭക്ഷണം നൽകും. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായാണ് ഈ മഹാമാരിയെ നേരിടാൻ രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരുടെ പരിശ്രമത്തെ നാം കൃതജ്ഞയയോടെ ഓർക്കണം.
തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തനവും ഇന്നത്തെ സാഹചര്യത്തിൽ ക്രമീകരിക്കും. പച്ചക്കറി കൊണ്ടുവരുന്നതിനും അത് ഇറക്കുന്നതിനും റീട്ടെയിൽ കടകളിലേക്ക് കയറ്റി അയയ്ക്കുന്നതിനും ആവശ്യമായ സംവിധാനം ഒരുക്കും. കുടുംബാരോഗ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്ക് ആശുപത്രിയ്ക്കടുത്ത് താമസസൗകര്യം ഒരുക്കാൻ പരിശ്രമിക്കും. ഇവരെ വീടുകളിലെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ വാഹന സൗകര്യം ഒരുക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങളിൽ കട നടത്തുന്നവർക്ക് വാടകയടയ്ക്കാൻ രണ്ടു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് തടസമുണ്ടാകാതെ ശ്രദ്ധിക്കും. പഞ്ചായത്തുകളിലെ പദ്ധതി അംഗീകരിക്കുന്നതിന് ഡി. പി. സി മിനിമം ക്വാറം യോഗം ചേർന്ന് അനുമതി നൽകും. കോവിഡ് ചികിത്‌സയ്ക്ക് പ്രത്യേക ആശുപത്രികൾ സംസ്ഥാനത്ത് സജ്ജീകരിക്കും. കൂട്ടിരിപ്പുകാർ ഇല്ലാത്ത രോഗികൾക്കൊപ്പം സന്നദ്ധപ്രവർത്തകരെ ഏർപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തും. ഇപ്പോൾ ഉയരുന്ന വിവിധ ആവശ്യങ്ങളിൽ സന്നദ്ധ സേവനം നടത്താൻ യുവജനങ്ങൾ മുന്നോട്ടു വരണം. കോവിഡ് വ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് മടങ്ങി വരുന്നവർ 14 ദിവസം ഐസൊലേഷൻ കെട്ടിടത്തിൽ ക്വാറന്റൈനിൽ കഴിയണം. മറ്റു സംസ്ഥാനത്തുള്ള മലയാളികളായ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുന്നതിന് അവിടങ്ങളിലെ സർക്കാരുമായി ബന്ധപ്പെട്ട് ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്.1199/2020

 

date