Skip to main content
ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍   കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗം

കോവിഡ്  19 ജില്ല അതീവ ജാഗ്രതയില്‍ 

 

കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തന ഭാഗമായി എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍.  വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍  ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍   കളക്ട്രേറ്റില്‍ ചേര്‍ന്ന  യോഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ഐസൊലേഷന്‍ വാര്‍ഡുകള്‍ക്ക് വേണ്ട ആശുപത്രികളും സര്‍ക്കാര്‍ കെട്ടിടങ്ങളും  കണ്ടെത്തിയിട്ടുണ്ട്. ആതുരാലയങ്ങളിലെ നിലവിലുള്ള പോരായ്മകള്‍ അടിയന്തിരമായി പരിഹരിക്കാന്‍ ആരോഗ്യവകുപ്പിനും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനും നിര്‍ദ്ദേശം നല്കി. ഉടമകളുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക ക്യാമ്പ് തയ്യാറാക്കി അവര്‍ക്ക്  വേണ്ട ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു നല്കും. ഇതിന്റെ  ഏകോപന ചുമതല ആര്‍ഡിഒ അതുല്‍ സ്വാമിനാഥിന് നല്കി.
അവശ്യവസ്തുക്കള്‍ വിലകൂട്ടി വില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനായി വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. സംസ്ഥാന സര്‍ക്കാര്‍ എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങള്‍ക്ക്  പ്രഖ്യാപിച്ച ഭക്ഷ്യവസ്തുക്കള്‍  എത്തുന്ന മുറയ്ക്ക് വിതരണം ആരംഭിക്കും. എസ്ടി വിഭാഗങ്ങള്‍ക്കുള്ള കിറ്റ് വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ ഡി അജേന്ദ്രന്‍ അറിയിച്ചു.
യോഗത്തില്‍  ജില്ലാ പോലീസ് മേധാവി പി.കെ മധു, എഡിഎം ആന്റണി സ്‌കറിയ, ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, ഡിഎംഒ ഡോ.പ്രിയ എന്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സുജിത്ത് , ജില്ലാ സപ്ലൈ ഓഫീസര്‍ ഡി അജേന്ദ്രന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജിജില്‍ മാത്യു, തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍, ആരോഗ്യ വകുപ്പ്, ദുരന്ത പ്രതിരോധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date