Skip to main content

സൗജന്യ ഭക്ഷ്യ വിതരണം: ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ഹോം ഡെലിവെറിക്ക് നിര്‍ദേശം

ജില്ലയിലെ കോവിഡ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിട്ടുള്ള 11 തദ്ദേശസ്ഥാപനങ്ങളില്‍ സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന് ഹോം ഡെലിവെറി സംവിധാനം ഏര്‍സപ്പെടുത്തും. വ്യാഴാഴ്ച ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം. കൂത്തുപറമ്പ്, പാനൂര്‍, തലശ്ശേരി നഗരസഭകള്‍, കോട്ടയം മലബാര്‍, ചിറ്റാരിപ്പറമ്പ്, പാട്യം, മൊകേരി, കതിരൂര്‍, ചൊക്ലി, പന്ന്യന്നൂര്‍, ന്യൂമാഹി പഞ്ചായത്തുകള്‍ എന്നീ പ്രദേശങ്ങളാണ് ജില്ലയില്‍ ഹോട്ട്സ്പോട്ടുകളായിട്ടുള്ളത്. ഇവിടെ ലോക്ക്ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് ഭക്ഷ്യ കിറ്റ് വിതണത്തിന് ഹോം ഡെലിവെറി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബന്ധപ്പെട്ട് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ ഇതിനാവശ്യമായ വളണ്ടിയര്‍മാരെ സജ്ജമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
1000 രൂപ വിലവരുന്ന 17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് ര്‍േഷന്‍ കടകള്‍ വഴി വിതരണം ചെയ്യുക. പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ), ചെറുപയറ് (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റര്‍), ആട്ട (രണ്ടു കിലോ), റവ ( ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി ( 100 ഗ്രാം), പരിപ്പ് ( 250 ഗ്രാം), മഞ്ഞള്‍പ്പൊടി ( 100 ഗ്രാം) ,ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് ( രണ്ടെണ്ണം) ,സണ്‍ ഫ്ളവര്‍ ഓയില്‍ ( ഒരു ലിറ്റര്‍), ഉഴുന്ന് ( ഒരു കിലോ) എന്നീ പതിനേഴ് ഭക്ഷ്യ വിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക. കൊറോണക്കാലത്ത് ആര്‍ക്കും ഭക്ഷണമില്ലാതിരിക്കരുത് എന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യവിഭവങ്ങള്‍ സപ്ലൈകോ റേഷന്‍ കടകളിലൂടെ വിതരണത്തിനെത്തിക്കുന്നത്.
ആദ്യ ദിവസം ആദിവാസി മേഖലയിലെ എഎവൈ കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. ബാക്കിയുള്ള എഎവൈ കുടുംബങ്ങള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലായിരിക്കും കിറ്റ് വിതണം ചെയ്യുക. ഏപ്രില്‍ 14നകം എല്ലാ എഎവൈ കുടുംബങ്ങള്‍ക്കും കിറ്റ് വിതരണം ചെയ്യാന്‍ കഴിയും വിധമുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. മറ്റ് വിഭാഗം കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണം ഈ മാസം അവസാനത്തോടെയായിരിക്കും പൂര്‍ത്തിയാക്കുക.
സമൂഹവ്യാപനമുണ്ടോയെന്ന് പരിശോധിക്കാനായി ജില്ലയിലെ പ്രദേശങ്ങളില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനക്ക് അയക്കാന്‍ തീരുമാനം. രോഗലക്ഷണങ്ങളോ, രോഗബാധിതരുമായി സമ്പര്‍ക്കമോ ഇല്ലാത്തവരുടെ സാമ്പിളാണ് പരിശോധനക്ക് അയക്കുക. ലക്ഷണങ്ങളില്ലാത്തവരില്‍ രോഗമുണ്ടോയെന്ന് പരിശോധിക്കുകയും സമൂഹവ്യാപനം സംബന്ധിച്ച പഠനം നടത്തുകയുമാണ് ലക്ഷ്യം. ഓരോ സ്ഥലത്തു നിന്നും 100 സാമ്പിളുകള്‍ ശേഖരിച്ച് അയക്കാനാണ് തീരുമാനം.
നിലവില്‍ ജില്ലയില്‍ കൊര്‍ോണ കെയര്‍ സെന്ററുകളില്‍ 57 പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലക്യ, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ പി മേഴ്സി, ഡിഎംഒ ഡോ. കെ നാരായണ നായക്ക്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date