Skip to main content

സ്വന്തം വീടുകളും കെട്ടിടങ്ങളും കോവിഡ് കെയര്‍ സെന്ററാക്കി മാറ്റാം - മന്ത്രി ഡോ. കെ.ടി ജലീല്‍  

 

ജില്ലയില്‍ ഇതര രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി തിരിച്ചെത്തിയത് 79,214 പേര്‍

 

പ്രവാസികള്‍ക്ക് സ്വന്തം വീടുകളും കെട്ടിടങ്ങളും കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. ജില്ലയില്‍ എട്ട് വീടുകള്‍ ഇതിനകം തന്നെ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ഇത് പ്രയോജനപ്പെടുന്നുണ്ടെന്നും കൂടുതല്‍ പ്രവാസികള്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇവിടെ പ്രവേശനം ഉണ്ടായിരിക്കില്ല. കോവിഡ് കെയര്‍ സെന്റററുകളുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം ഇവയുടെ പ്രവര്‍ത്തനമെന്നും മന്ത്രി വിശദീകരിച്ചു. കലക്ട്രേറ്റില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം  മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  

തദ്ദേശസ്ഥാപന അധികൃതര്‍ പരിശോധന നടത്തി മതിയായ സൗകര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ വീടുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കാന്‍ അനുമതി നല്‍കുകയുള്ളൂ. നിരീക്ഷണ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ അതത് വീടുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇതര രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി ഇതുവരെ 79,214 പേര്‍ മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയതായി മന്ത്രി അറിയിച്ചു. മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് തിരിച്ചെത്തുന്ന പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെയും എണ്ണം കൂടുതലാണ്.  ആയതിനാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ വകുപ്പുകളിലെ ജീവനക്കാരെക്കൂടി പ്രയോജനപ്പെടുത്തുമെന്നും  മന്ത്രി പറഞ്ഞു.  

ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, അസിസ്റ്റന്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍ പ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
 

date