Skip to main content

വനം വകുപ്പിന്റെ വൃക്ഷത്തൈ വിതരണത്തിന് തുടക്കമായി

ലോകപരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വനംവകുപ്പ് തയ്യാറാക്കിയ വൃക്ഷത്തൈകളുടെ സംസ്ഥാനതല വിതരണം വനംമന്ത്രി അഡ്വ കെ രാജു  നിർവഹിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രവളപ്പിൽ  നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ അനിതയ്ക്ക് വൃക്ഷത്തൈ കൈമാറിക്കൊണ്ടും തൈ നട്ടുകൊണ്ടും വകുപ്പിന്റെ പരിസ്ഥിതിദിനാചരണ പരിപാടികൾക്ക് വനം മന്ത്രി തുടക്കമിട്ടു.
ജൈവവൈവിധ്യ സംരക്ഷണം ഏറ്റവും അനിവാര്യമായ കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നതെന്നും വൃക്ഷവത്ക്കരണമാണ്  ഇതിനായുള്ള പ്രധാന പരിഹാരമാർഗമെന്നും മന്ത്രി പറഞ്ഞു. ആവുന്നത്ര മരങ്ങൾ നട്ടുപരിപാലിക്കാനും നിലവിലുള്ള സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങളിൽ വനംവകുപ്പിനോടൊപ്പം   ഏവരും പങ്കാളികളാകണമെന്നും  അദ്ദേഹം അഭ്യർഥിച്ചു.
ഹരിതകേരളം പദ്ധതിയുടെ  ഭാഗമായി  57.7 ലക്ഷം വൃക്ഷത്തൈകളാണ് വനം വകുപ്പ് ഇത്തവണ വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്.
മാവ്, ഞാവൽ, പുളി, പ്ലാവ്, അമ്പഴം, സപ്പോട്ട, മാതളം, റംപുട്ടാൻ, മുരിങ്ങ, കണിക്കൊന്ന, മന്ദാരം, മഞ്ചാടി, മണിമരുത്, കുന്നിവാക,തേക്ക്, ഈട്ടി, കുമ്പിൾ, പൂവരശ്, അഗത്തിചീര, ദന്തപാല, മുള തുടങ്ങി നാൽപതോളം ഇനങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടവ.
പരിസ്ഥിതി ദിനത്തിൽ തുടങ്ങി ജൂലൈ മാസത്തിലെ വനമഹോത്സവം വരെയുള്ള കാലയളവിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, മതസ്ഥാപനങ്ങൾ, മാധ്യമങ്ങൾ എന്നിവർക്ക് തൈകൾ സൗജന്യമായി ലഭിക്കും.  47 ലക്ഷം തൈകൾ തദ്ദേശസ്വയംഭരണ വകുപ്പു മുഖേന സൗജന്യമായി വിതരണം ചെയ്യും.
ചടങ്ങിൽ  വി.കെ.പ്രശാന്ത് എം എൽ എ, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, പ്രിൻസിപ്പൽ  ചീഫ്  ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വർമ്മ, എപി.സി. സി. എഫ്.മാരായ ഇ പ്രദീപ് കുമാർ, രാജേഷ് രവീന്ദ്രൻ, സി. ഫ്. ഐ സിദ്ദീഖ്, ദൂരദർശൻ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ എസ്. സഞ്ജീവ്, ഡി.സി.എഫ്. വൈ. എം. ഷാജികുമാർ തുടങ്ങിയവരും സംബന്ധിച്ചു. സാമൂഹ്യവനവത്ക്കരണ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണവും നടീലും സംഘടിപ്പിച്ചിരുന്നു.
പി.എൻ.എക്സ്. 2062/2020

 

date