Skip to main content

ആൻറിബോഡി ടെസ്റ്റുകൾ വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി

ആൻറിബോഡി ടെസ്റ്റുകൾ വ്യാപകമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐസിഎംആർ വഴി 14,000 കിറ്റ് ലഭിച്ചിട്ടുണ്ട്. അതിൽ 10,000 എണ്ണം വിവിധ ജില്ലകൾക്ക് നൽകി. 40,000 കിറ്റ് കൂടി മൂന്നുദിവസം കൊണ്ട് കിട്ടും എന്നാണ് അറിയിച്ചിട്ടുള്ളത്. ഒരാഴ്ച 15,000 വരെ ആൻറിബോഡി നടത്താൻ ഉദ്ദേശിക്കുന്നത്. സമൂഹ വ്യാപനം ഉണ്ടോ എന്ന് നിരീക്ഷിക്കാനാണിത്. ആൻറിബോഡി ടെസ്റ്റ്  പോസിറ്റീവായാൽ പിസിആർ ടെസ്റ്റ് നടത്തും.
എന്ത് ഇളവുകൾ ഉണ്ടായാലും രോഗവ്യാപനത്തിനെതിരായ മുൻകരുതലും ശ്രദ്ധയും എല്ലാവരിലും ഉണ്ടാവണം. രോഗബാധിതരുടെ സംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ അതിനു തക്ക സംവിധാനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ഒരുക്കും. ആദ്യഘട്ടത്തിൽ സമൂഹത്തിലാകെ ഉണ്ടായ ജാഗ്രതയും കരുതലും കുറഞ്ഞുപോകുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം. അപകടാവസ്ഥ അതിന്റെ ഗൗരവത്തിൽ മനസ്സിലാക്കണം.  ജനങ്ങളെയാകെ ബോധവൽക്കരിക്കാനുള്ള ഇടപെടൽ ശക്തിപ്പെടുത്തും. ഗുരുതരമായ രോഗം ബാധിക്കുന്നവർക്കുള്ള പ്രത്യേക പ്രോട്ടോകോൾ ആരോഗ്യവകുപ്പ് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളിൽനിന്ന് വരുന്നവരെയും വിവിധ സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളിൽനിന്ന് വരുന്നവരെയും അതിവേഗത്തിൽ ടെസ്റ്റ് ചെയ്യാൻ സംവിധാനമൊരുക്കും.  
സാമൂഹിക അകലം, കൈകളുടെ ശുചീകരണം, മാസ്‌ക് ധാരണം എന്നിവ നിർബന്ധമായും പാലിക്കണം. അതിൽ പൊതുസ്ഥലങ്ങളിലായാലും തൊഴിലിടങ്ങളിലായാലും വാഹനങ്ങളിലായാലും റസ്റ്റോറൻറുകളുടെയും മറ്റും അടുക്കളകളിലായാലും ഉപേക്ഷ പാടില്ല. കേരളീയരുടെ സവിശേഷമായ ശുചിത്വബോധവും ആരോഗ്യ പരിപാലന രീതിയും കൂടുതൽ ക്രിയാത്മകമായി പരിപാലിക്കപ്പെടണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
പി.എൻ.എക്സ്. 2064/2020

date