Skip to main content

കോവിഡ് 19: ജില്ലയിലെ വിവിധ വകുപ്പുകളുടെ പങ്കാളിത്വം  ഉറപ്പാക്കാൻ അവലോകന യോഗം ചേർന്നു 

 

ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജഗദീശൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ സംയോജിത യോഗം ചേര്‍ന്നു. തമിഴ്നാടുമായും മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ എല്ലാ ഓഫീസുകളിലും ശാരീരിക അകലം ഉറപ്പുവരുത്തുന്നതിന് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനേജരെ ചുമതലപ്പെടുത്തി.

ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ശാരീരിക അകലം ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇടപെടല്‍ ശക്തമാക്കും. ലിഫ്റ്റിന്റെ ഉപയോഗം പരിമിതപ്പെടുത്താനും പൊതുജനങ്ങള്‍ ഓഫീസുകളില്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കാനും യോഗം നിര്‍ദേശിച്ചു. അതിഥി തൊഴിലാളികളുടെ ആരോഗ്യം, ക്വാറന്റൈന്‍ എന്നിവയുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് നടപടികള്‍ ഊര്‍ജിതമാക്കും.

എല്ലാ സ്വകാര്യ ഡോക്ടര്‍മാര്‍ക്കും ഐ.എം.എ.യുടെ നേതൃത്വത്തില്‍ സുരക്ഷാക്കിറ്റ് ലഭ്യമാക്കുന്നുണ്ട്. കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഐ.എം.എ പ്രത്യേക യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചു.ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്ത് വരുന്നുണ്ട്.

സ്‌കൂള്‍ പ്രവേശനം, ടെക്സ്റ്റ് ബുക്കുകളുടെ വിതരണം എന്നിവ ശാരീരിക അകലം പാലിച്ച് നടക്കുന്നുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഹരിതകേരളം മിഷന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ 150 ഓളം വൊളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇവര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ ശുചീകരണം ഉറപ്പുവരുത്തും.

നിരന്തര ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗവ്യാപനം സംബന്ധിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ സൃഷ്ടിക്കാനും സാധിച്ചതായി യോഗം വിലയിരുത്തി. 

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി.റീത്ത ആമുഖപ്രഭാഷണം നടത്തി. വിവിധ ഓഫീസ് മേധാവികള്‍ സംബന്ധിച്ചു.
 

date