Skip to main content

അനുമതിയില്ലാതെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കരുത്: ജില്ലാ കലക്ടര്‍

വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരില്‍ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി ക്വാറന്റൈന്‍ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അധികൃതരുടെ അറിവോ അനുമതിയോ ഇല്ലാതെ ചിലയിടങ്ങളില്‍ ക്വാറന്റൈന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി യോഗം വിലയിരുത്തി. ജില്ലാ കലക്ടറുടെയോ തദ്ദേശ സ്ഥാപനത്തിന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം ക്വാറന്റൈന്‍ സ്ഥാപനങ്ങള്‍ സജ്ജമാക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണം. നിലവില്‍ ഇത്തരത്തില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറന്റൈന്‍ സ്ഥാപനങ്ങളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിവരങ്ങള്‍ ജൂലൈ മൂന്നിനകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഡിഎംഒ വഴിയും പഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ വഴിയും നഗരസഭാ സെക്രട്ടറിമാര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വഴിയുമാണ് സമര്‍പ്പിക്കേണ്ടത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അഡീഷനല്‍ എസ് പി പ്രജീഷ് തോട്ടത്തില്‍, എഡിഎം ഇ പി മേഴ്‌സി, ഡിഎംഒ ഡോ. കെ നാരായണ നായിക് തുടങ്ങിയവര്‍ പങ്കെടുത്തു

date