Skip to main content

നരിക്കുനിയിലെ മുഴുവൻ വീടുകളിലും ശുദ്ധജലമെത്തും

 

 

 

കൊടുവള്ളി മണ്ഡലത്തിലെ നരിക്കുനി ഗ്രാമപഞ്ചായത്തിലുൾപ്പെട്ട മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് പഞ്ചായത്തിനെ ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി കാരാട്ട് റസാഖ് എംഎൽഎ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പഞ്ചായത്തിലെ 4046 വീടുകളിൽ ശുദ്ധജലമെത്തിക്കുന്നതിനാവശ്യമായ പദ്ധതി തയ്യാറാവുന്നത്. 11.33 കോടി രൂപയുടെ പദ്ധതിയാണ് നരിക്കുനിയിൽ നടപ്പിലാക്കുക.
മണ്ഡലത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് നരിക്കുനി ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തത്.
മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കാരാട്ട് റസാഖ് എം എൽ എ യുടെ അധ്യക്ഷതയിൽ മലാപറമ്പ് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ   മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട് മാരുടെയും സെക്രട്ടറിമാരുടെയും  കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. മണ്ഡലത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ കുടിവെള്ളം ലഭ്യമാവാത്തിടങ്ങളിൽ  കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ പ്രവൃത്തിയും  കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ  അങ്കണവാടികളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പ്രവൃത്തിയും ജൂലൈ 10നകം വാട്ടർ അതോറിറ്റിയുടെ  നേതൃത്വത്തിൽ പൂർത്തീകരിക്കുവാനും മടവൂർ കൊട്ടക്കാവയൽ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട്  കെഎസ് സിബി യുമായി ചേർന്ന് സംയുക്ത യോഗം ചേരാനും കുടിവെള്ള പദ്ധതിയുടെ കിണറിനു സമീപം തടയണ നിർമ്മിക്കുന്നതിന് മൈനർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകാനും യോഗം തീരുമാനിച്ചു.
നരിക്കുനി പഞ്ചായത്തിന്റെ അതിർത്തിയോട് ചേർന്ന മടവൂർ പഞ്ചായത്തിലെ പുല്ലാളൂർ മേഖലയെ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾക്കൊള്ളിക്കുന്നതിന് പദ്ധതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. കുഴിപ്രമല  പട്ടികജാതി കോളനി കുടിവെള്ള  ക്ഷാമം പരിഹരിക്കുന്നതിനായി പദ്ധതി രൂപീകരിക്കുവാനും കാമ്പ്രത്ത് മുക്ക് പട്ടികവർഗ കോളനിയിലെ കുടിവെള്ള പദ്ധതിക്ക് പിഡബ്ല്യുഡി ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നും ലഭിക്കേണ്ട അനുമതി കാലതാമസം കൂടാതെ ലഭ്യമാക്കാനും കട്ടിപ്പാറ പഞ്ചായത്തിലെ ഇരുൾകുന്ന് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കുഴൽ കിണർ നിർമ്മിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുവാനും എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന  ഓമശ്ശേരി ചാമോറ കുടിവെള്ള പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കുവാനും സംസ്ഥാന സർക്കാരിന്റെ മൈനോരിറ്റി ഇറിഗേഷൻ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന കൊടുവള്ളി നഗരസഭയിലെ കളരാന്തിരി വലിയപറമ്പ് കുടിവെള്ള പദ്ധതിക്കായി അനുവദിച്ച 47 ലക്ഷം രൂപയുടെ പദ്ധതി കാലതാമസമില്ലാതെ നടപ്പിലാക്കുവാനും യോഗത്തിൽ തീരുമാനമായി. എം.എൽ.എയുടെ അദാലത്തിൽ സ്വീകരിച്ച പരാതികൾ പരിശോധിച്ച് അർഹമായ ആനുകൂല്യം ഉറപ്പാക്കുവാനും  ധാരണയായി. യോഗത്തിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പങ്കജാക്ഷൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രൻ, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബവിത, മടവൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ഹമീദ് മാസ്റ്റർ, കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം വി എം മനോജ്, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, കെ ഡബ്ലിയു എ എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൽ ജമാൽ,  ജിക്ക (JICA) പ്രൊജക്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു, വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ സത്യൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date