Skip to main content

പ്രവാസി പുനരുദ്ധാരണം; കൊടുവള്ളി നഗരസഭയില്‍ പദ്ധതികള്‍ക്ക് രൂപരേഖയായി

 

 

തൊഴില്‍ നഷ്ടപ്പെട്ടും അല്ലാതെയും തിരിച്ച് വരുന്ന കൊടുവള്ളി നഗരസഭാ പരിധിയിലെ  പ്രവാസികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും നഗരസഭയുടെയും  പദ്ധതികള്‍ സംയോജിപ്പിച്ചുള്ള പുനരധിവാസ പദ്ധതികള്‍ക്ക് കൊടുവള്ളി നഗരസഭയില്‍ അന്തിമരൂപമായി.  നഗരസഭ അടിയന്തരമായി വിളിച്ച് ചേര്‍ത്ത പ്രവാസികളുടെ യോഗത്തിലാണ് തീരുമാനം.

പ്രവാസി പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന്ന് നോഡല്‍ ഓഫീസറായി ദേശീയ ഉപജീവന മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുനീറിനെ ചുമതപ്പെടുത്തി. വിവിധ തൊഴില്‍ മേഖലകളില്‍ നൈപുണ്യം നേടിയ പ്രവാസികളുടെ കൂട്ടായ്മ രൂപീകരിക്കാനും സ്വകാര്യ, പൊതു മേഖലകളില്‍ ജോലി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

ജൂലൈ ആറിന് രജിസ്‌ടേഷന്‍ ആരംഭിക്കും. പ്രവാസികളെ ഏകോപിപ്പിക്കുന്നതിന്നും പ്രവാസികള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനും പ്രവാസികളെ ഉള്‍പ്പെടുത്തി മുനീര്‍ നെല്ലാങ്കണ്ടി കണ്‍വീനറായി ഒമ്പതംഗ പ്രവാസി സമിതിയും രൂപീകരിച്ചു.

യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരിഫാ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു.
വൈസ്‌ചെയര്‍മാന്‍ എ.പി.മജീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  കൗണ്‍സിലര്‍മാരായ ബിന്ദു അനില്‍കുമാര്‍, ടി.പി.നാസര്‍, ഷാഹിദ് കരീറ്റിപ്പറമ്പ്, വിമല ഹരിദാസന്‍, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ബാബു സ്വാഗതവും, കൗണ്‍സിലര്‍ വെള്ളറ അബ്ദു നന്ദിയും പറഞ്ഞു.

date