Skip to main content

വനമഹോത്സവം:  ജില്ലയിലെ വിവിധ പദ്ധതികള്‍ ജൂലൈ മൂന്നിന് മന്ത്രി  അഡ്വ.കെ. രാജു ഉദ്ഘാടനം ചെയ്യും

 വനമഹോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി പുന:സ്ഥാപനവും പരിപാലനവും  ലക്ഷ്യമിട്ട്  സംസ്ഥാന വനംവകുപ്പ്  ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍  ജൂലൈ മൂന്നിന് വനം മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ഉദ്ഘാടനം, ചകിരിനാരില്‍ നിര്‍മിച്ച  റൂട്ട് ട്രൈനര്‍ തൈകളുടെ സംസ്ഥാനതല ഉദ്ഘാടനം, നിലമ്പൂര്‍ വനമേഖലയില്‍ നിര്‍മിച്ച ചക്കിക്കുഴി, എടക്കോട്, വാണിയംപുഴ, കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ സമുച്ചയങ്ങളുടെ തു ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുക.
രാവിലെ ഒന്‍പതിന് പരിസ്ഥിതി സൗഹൃദ റൂട്ട് ട്രൈനറുകളില്‍ വളര്‍ത്തിയെടുത്ത തൈകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫീസില്‍ മന്ത്രി നിര്‍വഹിക്കും. സ്‌പോര്‍ട്‌സ് സുവനീര്‍ മന്ത്രി പ്രകാശനം ചെയ്യും. സംസ്ഥാനത്ത് ഓരോ വര്‍ഷവും പ്ലാസ്റ്റിക് കവറുകളിലൂടെ തൈകള്‍ വിതരണം ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് ചകിരിച്ചോറില്‍ നിന്ന് റൂട്ട് ട്രൈനറുകള്‍ ഉല്‍പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുള്ളത്. 
 രാവിലെ 10ന് നെടുങ്കയം അമിനിറ്റി സെന്ററില്‍ കരിമ്പുഴയെ സംസ്ഥാനത്തെ 18-ാമത് വന്യജീവി സങ്കേതമായി മന്ത്രി പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലെ ന്യൂ അമരമ്പലം റിസര്‍വ് വനവും വടക്കേകോട്ട നിക്ഷിപ്ത വനവുമടങ്ങുന്നതാണ് 227.97 ച.കി.മീ വിസ്തീര്‍ണ്ണമുള്ള കരിമ്പുഴ വന്യജീവി സങ്കേതം. ഇതിനകത്തുവരുന്ന പ്രാക്തന ആദിവാസ ഗോത്രമായ ചോലനായ്ക്കരുടെ മാഞ്ചീരി കോളനി ഒഴിവാക്കിയാണ് പ്രഖ്യാപനം. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശത്ത് 41 ഇനം സസ്തനികള്‍, 191 ഇനം പക്ഷികള്‍, 33 ഇനം ഉരഗവര്‍ഗ്ഗങ്ങള്‍, 23 ഇനം ഉഭയജീവികള്‍, 75 ഇനം മത്സ്യങ്ങള്‍, 201 ഇനം ചിത്രശലഭങ്ങള്‍ ഒട്ടേറെ ചെറുജീവി വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ സാന്നിധ്യമുണ്ട്.
 രാവിലെ 11ന് നിലമ്പൂരിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12.10ന് എടക്കോട്, വാണിയംപുഴ, കാഞ്ഞിരപ്പുഴ തുടങ്ങിയ ഫോറസ്‌റ്റേഷനുകളുടെ ഉദ്ഘാടനം എടക്കോട് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി നിര്‍വഹിക്കും.
വിവിധ പരിപാടികളില്‍ പി.വി അബുദുള്‍ വഹാബ് എം.പി എം.എല്‍.എമാരായ പി.വി അന്‍വര്‍, എ.പി അനില്‍ കുമാര്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date