Skip to main content

കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ സന്നദ്ധരായവരുടെ  പാനല്‍ തയാറാക്കും: ഡിഎഫ്ഒ

 

ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ നിബന്ധനകള്‍ക്കു വിധേയമായി നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിന് യൂണിഫോം സര്‍വീസില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കു പുറമെ, ഫോറസ്റ്റ് റെയിഞ്ച്  പരിധിയില്‍ തോക്ക് ഉപയോഗിക്കുവാന്‍ ലൈസന്‍സുളളവരും, സന്നദ്ധരുമായ വ്യക്തികളുടെ പാനല്‍ തയാറാക്കുമെന്ന്  കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍ ശ്യാം മോഹന്‍ലാല്‍ അറിയിച്ചു.  സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ ഗണ്യമായ പങ്കുവഹിക്കുന്ന കാട്ടുപന്നികളെ നിബന്ധനകള്‍ക്കു വിധേയമായി നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. 

കോന്നി, അടൂര്‍ എംഎല്‍എമാരുടെ മേല്‍നോട്ടത്തില്‍ ജനജാഗ്രതാ സമിതികള്‍ വിളിച്ചു ചേര്‍ത്ത് തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇത് ആദ്യം നടപ്പാക്കിയത് പത്തനംതിട്ട ജില്ലയിലെ കോന്നി വനം ഡിവിഷനില്‍പ്പെട്ട കോന്നി റെയ്ഞ്ചിലെ അരുവാപ്പുലം പഞ്ചായത്തിലാണ്. ഈ വര്‍ഷം മേയ് 18ന് സര്‍ക്കാര്‍ മുന്‍ ഉത്തരവില്‍ ചില ഭേദഗതികള്‍ വരുത്തി പുതിയ ഉത്തരവു പുറപ്പെടുവിച്ചു. പുതിയ ഉത്തരവു പ്രകാരമാണ് പാനല്‍ തയാറാക്കുന്നത്. 

ഇതുപ്രകാരം കൃത്യം നിര്‍വഹിക്കുമ്പോള്‍ അറിഞ്ഞോ, അറിയാതെയോ മനുഷ്യ ജീവനോ, സ്വത്തിനോ സംഭവിക്കുന്ന അപായങ്ങള്‍ക്കും, നാശനഷ്ടങ്ങള്‍ക്കും വെടിവയ്ക്കുന്നയാള്‍ക്ക് മാത്രമാകും ഉത്തരവാദിത്വം. എം പാനല്‍ ചെയ്യപ്പെടുന്ന വ്യക്തി കൃത്യം നിര്‍വഹിക്കുന്ന മുറയ്ക്ക് ഓരോ കാട്ടുപന്നിയുടെ കാര്യത്തിലും ചെലവിനത്തില്‍ ആയിരം രൂപ പ്രതിഫലം അനുവദിക്കാനും പുതിയ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. 

ഇതനുസരിച്ച് കോന്നി, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂര്‍, പ്രമാടം, വളളിക്കോട്, മലയാലപ്പുഴ, മൈലപ്ര, എനാദിമംഗലം, കൊടുമണ്‍, ഏഴംകുളം, പന്തളം തെക്കേക്കര പഞ്ചായത്തുകളുടെയും, അടൂര്‍ നഗരസഭയുടേയും പരിധിയില്‍ വരുന്ന തോക്ക് ലൈസന്‍സുളളവരും, സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരുമായ വ്യക്തികള്‍ എം പാനല്‍ ചെയ്യപ്പെടാന്‍ താല്‍പര്യമുളളപക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തലവന്‍ മുഖേനയോ, കോന്നി, നടുവത്തുമൂഴി റെയിഞ്ച് ഓഫീസുകളിലോ ബന്ധപ്പെടണമെന്നും ഡിഎഫ്ഒ അറിയിച്ചു.

 

date