Skip to main content

പയ്യന്നൂര്‍ താലൂക്ക് മാര്‍ച്ച് 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കായ തളിപ്പറമ്പും കണ്ണൂര്‍ താലൂക്കും വിഭജിച്ച് രൂപവത്കരിക്കുന്ന പയ്യന്നൂര്‍ താലൂക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് 10ന് ഉച്ച 2.30ന് പയ്യന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.
 തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പിമാരായ പി. കരുണാകരന്‍, പി.കെ. ശ്രീമതി ടീച്ചര്‍, എം.കെ രാഘവന്‍, എം.എല്‍.എമാരായ സി. കൃഷ്ണന്‍, ടി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി എന്നിവര്‍ സംസാരിക്കും.
തളിപ്പറമ്പ താലൂക്കിലെ രാമന്തളി, പയ്യന്നൂര്‍, വെള്ളൂര്‍, കോറോം, കരിവെള്ളൂര്‍, പെരളം, കാങ്കോല്‍, ആലപ്പടമ്പ, എരമം, പെരുന്തട്ട, കുറ്റൂര്‍, വെള്ളോറ, പെരിങ്ങോം, വയക്കര, തിരുമേനി, പുളിങ്ങോം എന്നീ 16 വില്ലേജുകളും കണ്ണൂര്‍ താലൂക്കിലെ കുഞ്ഞിമംഗലം, മാടായി, ഏഴോം, ചെറുതാഴം, കടന്നപ്പള്ളി, പാണപ്പുഴ എന്നീ ആറ് വില്ലേജുകളും അടക്കം 22 വില്ലേജുകള്‍ ഉള്‍പ്പെടുത്തിയാണ് പയ്യന്നൂര്‍ താലൂക്ക് രൂപീകരിച്ചത്. 
താലൂക്ക് രൂപവത്കരണത്തിലൂടെ ഈ പ്രദേശത്തെ ജനങ്ങളുടെ ചിരകാലസ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. പയ്യന്നൂര്‍ താലൂക്കിന് ആകെ 513.52 ചതുരശ്ര കിലോമീറ്റര്‍  വിസ്തീര്‍ണമുണ്ട്. പുതിയ താലൂക്കില്‍ 2011-ലെ സെന്‍സസ് പ്രകാരം 3,50,836 ജനങ്ങള്‍  താമസിച്ചുവരുന്നുണ്ട്. ഇതില്‍ 17603 പട്ടികജാതിക്കാരും 2602 പട്ടികവര്‍ഗക്കാരുമാണ്. ഇത് ജനസംഖ്യയുടെ 5.76 % വരും. മലയോര മേഖലകളായ പുളിങ്ങോം, ചെറുപുഴ, തിരുമേനി, പെരിന്തട്ട തുടങ്ങിയ വില്ലേജുകളിലാണ് പട്ടിക വര്‍ഗ്ഗക്കാര്‍ കൂടുതലായും താമസിക്കുന്നത്. പയ്യന്നൂരിലെ  മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തിലാണ് പുതിയ താലൂക്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. 
പി എന്‍ സി/500/2018

date