Skip to main content

സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങൾ സുഗമമാക്കൽ ആക്ട്: 2,550 സംരംഭങ്ങൾക്ക് അംഗീകാര സർട്ടിഫിക്കറ്റ് ലഭ്യമായി

 

 

കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങൾ സുഗമമാക്കൽ ആക്ട് 2019' ലൂടെ ഈ ഒൻപതുമാസത്തിനുള്ളിൽ 2,550 സംരംഭങ്ങൾക്ക് അംഗീകാര സർട്ടിഫിക്കറ്റ് ലഭ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2016-20 കാലഘട്ടത്തിൽ ഈ മേഖലയിൽ 5,231.05 കോടി രൂപയുടെ മൊത്ത നിക്ഷേപമാണുണ്ടായത്.

1,54,341 പേർക്ക് തൊഴിൽ നൽകുന്നതിനും സാധിച്ചു. അനായാസമായി വ്യാപാരങ്ങൾക്ക് തുടക്കമിടാനാകുന്ന ഈ നിയമം കഴിഞ്ഞ വർഷം നവംബറിൽ ആണ് പ്രാബല്യത്തിൽ വന്നത്.

പത്തു കോടി രൂപ വരെ മുതൽമുടക്കുള്ള സംരംഭം തുടങ്ങാൻ മൂന്നുവർഷത്തേക്ക് ഒരനുമതിയും വേണ്ട എന്നതാണ് 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങൾ സുഗമമാക്കൽ ആക്ട് 2019' എന്ന നിയമത്തിലെ വ്യവസ്ഥ. ആദ്യ മൂന്നു വർഷത്തേക്ക് വിവിധ നിയമങ്ങൾക്ക് കീഴിലുള്ള ലൈസൻസുകൾ, അനുമതികൾ, പെർമിറ്റ് എന്നിവയിൽ നിന്ന് ഒഴിവാകുന്നു. സ്വയം സാക്ഷ്യപത്രത്തേയാണ് മൂന്നു വർഷത്തേയ്ക്ക് ആധാരമാക്കുക. അതിൻറെ ഭാഗമായാണ് അനുമതി ലഭിക്കുക. ഇക്കാലയളവിൽ യാതൊരുവിധ പരിശോധനകളും ഉണ്ടാവില്ല. ഇതിനുശേഷം ആറുമാസത്തിനുള്ളിൽ ലൈസൻസ് നേടണം. ചട്ടലംഘനത്തിനും വസ്തുതാവിരുദ്ധമായ വിവരങ്ങൾ നൽകുന്നതിനും പിഴ ഈടാക്കും.

ദേശീയ തലത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ശക്തമായ മേഖലയായി ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് കേരളം 2019ൽ ഈ നിയമം പാസാക്കിയത്. കാർഷികമേഖല കഴിഞ്ഞാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വളരെ കുറച്ച് മൂലധനം ആവശ്യമായ മേഖലയാണിത്. ഗ്രാമീണ പിന്നോക്ക പ്രദേശങ്ങളെ വ്യാവസായികവൽക്കരണത്തിലേക്ക് നയിക്കുന്ന ഈ മേഖലയിലൂടെ പ്രാദേശിക അസന്തുലിതാവസ്ഥ കുറച്ച് വരുമാനം, സമ്പത്ത് എന്നിവയുടെ തുല്യവിതരണം ഉറപ്പാക്കാനാകും.

ഇതു കൂടാതെ ഇവ വൻകിട വ്യവസായങ്ങൾക്ക് പൂരകവുമാണ്. മികച്ച ഉപഭോഗ അടിത്തറയും ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള വലിയ വിപണിയും ഇത്തരം സംരംഭങ്ങളുടെ ആവശ്യകതയെയാണ് ഉയർത്തിക്കാട്ടുന്നത്. കോവിഡ്മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഏറ്റവും കൂടുതൽ ശ്രദ്ധചെലുത്തുന്നത് ചെറുകിട-ഇടത്തര-സൂക്ഷ്മ വ്യവസായ മേഖല ശക്തിപ്പെടുത്തുന്നതിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

പി.എൻ.എക്‌സ്. 2755/2020

 

date