Skip to main content

കോവിഡ് 19: മുന്നണിപ്പോരാളിയായി പോലീസ്

കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള വിവിധ നടപടിക്രമങ്ങളുടെ നടത്തിപ്പിലും, പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കുന്നതിലും ഇടപെടുന്നുണ്ടെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു.  രോഗബാധിതരുടെയും സമ്പര്‍ക്കത്തിലുള്ളവരുടെയും വിവരശേഖരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ചെയ്തു വരുന്നു. ഭൗതികമായും ഇലക്ട്രോണിക് രീതികളിലൂടെയും ജനമൈത്രി പോലീസിനെ ഉപയോഗപ്പെടുത്തി ഈ നടപടി ചെയ്യുന്നുണ്ട്. 

കോവിഡ്  നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി തുടരും. ക്വാറന്റീനിലുള്ളവര്‍ വ്യവസ്ഥകള്‍ അനുസരിച്ച് കഴിയണം. ആളുകള്‍ സ്വയം നിയന്ത്രിച്ചു  രോഗബാധ തടയാനുള്ള  നടപടികളില്‍  ഭാഗഭാക്കാകണമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

ജനമൈത്രി പദ്ധതി പൂര്‍ണമായും പ്രയോജനപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുകയാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട വിഭാഗങ്ങള്‍ കുട്ടികളും മുതിര്‍ന്ന പൗരന്മാരുമാണ്. കുട്ടികള്‍ വീടുകളില്‍ പൂര്‍ണമായും കഴിയേണ്ടി വരുന്നതിനാല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് അവര്‍ വിധേയരാകുന്നുണ്ട്. ഓണ്‍ലൈന്‍ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ സമ്മര്‍ദങ്ങളുമുണ്ട്. രക്ഷകര്‍ത്താക്കള്‍ യഥാസമയം കുട്ടികളുടെ വിവിധ പ്രശ്നങ്ങളുടെ ശാസ്ത്രീയ വശങ്ങളും മറ്റും അറിയാതെ പോകുന്നുണ്ട്. ഇതുമൂലം കുട്ടികളെ ശ്രദ്ധിക്കാനോ  മനസിലാക്കാനോ കഴിയുന്നില്ല. ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുന്നതിലൂടെ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

കോവിഡ് കാലത്ത് കുട്ടികള്‍ ആത്മഹത്യചെയ്യുന്ന സംഭവങ്ങളെല്ലാം പരിഗണിച്ച് സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 'ചിരി' എന്ന പേരില്‍ കുട്ടികള്‍ക്കായി പദ്ധതി നടപ്പാക്കി. സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഹെല്‍പ് ഡെസ്‌ക് നമ്പറായ 9497900200 ല്‍ വിളിക്കാം. 

60 വയസു കഴിഞ്ഞവരും പലതരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. മാത്രമല്ല, ഇവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് മുതിര്‍ന്ന പൗരന്മാരുടെ വീടുകള്‍ കേന്ദ്രീകരിച്ച് പട്രോളിംഗ് ശക്തമാക്കാനും, പോലീസ് ഉദ്യോഗസ്ഥര്‍ സമയാസമയം അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ജനമൈത്രി പോലീസിനെ ഇക്കാര്യത്തിലും പ്രയോജനപ്പെടുത്താന്‍ എല്ലാ എസ് എച്ച് ഒമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

date