Skip to main content

തൃശൂർ ജില്ലയിലെ മൂന്നാമത്തെ ലൈഫ് ഭവനസമുച്ചയം കാറളത്ത്; നിർമ്മാണ ഉദ്ഘാടനം 24ന് മുഖ്യമന്ത്രി നിർവഹിക്കും

തൃശൂർ ജില്ലയിലെ ഭൂരഹിത-ഭവനരഹിത ഗുണഭോക്താക്കൾക്കായുളള മൂന്നാമത്തെ ലൈഫ് മിഷൻ ഭവനസമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ 24ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കും. കാറളം ഗ്രാമപഞ്ചായത്തിലെ വെളളാനിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ തറക്കല്ലിടും. ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ അധ്യക്ഷനാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 28 ഭവനസമുച്ചയങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും ഓൺലൈൻ വഴി നടത്തും.
കാറളം ഗ്രാമപഞ്ചായത്തിലെ വെളളാനിയിൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള 84 സെന്റ് സ്ഥലത്ത് രണ്ട് ബ്ലോക്കുകളിലായി 72 വാസഗൃഹ യൂണിറ്റുകളുടെ നിർമ്മാണമാണ് ആറ് മാസത്തിനകം പൂർത്തിയാക്കുക. 920 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ ആകെ വിസ്തീർണം 43000 ചതുരശ്ര അടിയാണ്. പാർപ്പിട യൂനിറ്റുകൾക്ക് പുറമെ വയോജനപരിപാലന കേന്ദ്രം, കോമൺറൂം, സിക്ക് റൂം, മാലിന്യസംസ്‌കരണ സംവിധാനങ്ങൾ, സൗരോർജ സംവിധാനം എന്നിവയും ഉണ്ടാകും. രണ്ട് കിടപ്പ് മുറി, ഹാൾ, അടുക്കള, ബാൽക്കണി, ശുചിമുറി എന്നിവ ഉൾപ്പെടുന്നതാണ് ഓരോ യൂനിറ്റും. അഹമ്മദാബാദിലെ മിത്സുമി ഹൗസിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കരാറുകാർ.
വടക്കാഞ്ചേരി നഗരസഭയിലെ ചരൽപ്പറമ്പിൽ നിർമ്മാണം പൂർത്തിയാകുന്ന 144 വാസഗൃഹയൂനിറ്റുകളുടെ പാർപ്പിട സമുച്ചയവും പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ 36 വാസഗൃഹ യൂനിറ്റുകളുളള പാർപ്പിട സമുച്ചയവും ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയ പദ്ധതികളാണ്.
ലൈഫ് ഭവനപദ്ധതിയിൽ ഇനിയും ഉൾപ്പെടാതെ പോയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി പുതിയതായി ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ ക്ഷണിച്ചതിൽ നാളിതുവരെയായി ജില്ലയിൽ ഭൂമിയുളള ഭവനരഹിതർ എന്ന വിഭാഗത്തിൽ 41775 പേരും ഭൂരഹിത ഭവനരഹിതർ എന്ന വിഭാഗത്തിൽ 27750 പേരും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.  

date