Skip to main content

ലൈഫ് മിഷന്‍; ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം നാളെ(സെപ്തംബര്‍ 24)

ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിടസുരക്ഷ പദ്ധതി മൂന്നാംഘട്ടത്തിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്കുള്ള 29 ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം  നാളെ (സെപ്തംബര്‍ 24) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷനാകും.
ജില്ലയില്‍ മൂന്ന് പാര്‍പ്പിട സമുച്ചയങ്ങളാണുള്ളത്. വെസ്റ്റ് കല്ലട            ഗ്രാമപഞ്ചായത്തിലെ  പുതുശ്ശേരിമുകളില്‍ നിര്‍മിക്കുന്ന ഭവന സമുച്ചയത്തിന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയും അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ താഴമേല്‍    നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന് മൃഗസംരക്ഷണ വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജുവും കൊല്ലം കോര്‍പ്പറേഷനിലെ മുണ്ടയ്ക്കല്‍ ഭവന സമുച്ചയത്തിന് എം    നൗഷാദ് എം എല്‍ എ യും തറക്കല്ലിടും. 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം(എല്‍ ജി എസ് എഫ്) പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് നിര്‍മാണം. ആറ് മാസമാണ് നിര്‍മ്മാണ കാലാവധി.
സംസ്ഥാന തലത്തില്‍ ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സോമപ്രസാദ് എന്നിവരും എം എല്‍ എമാരായ കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരും ജില്ലാ പഞ്ചായത്ത്   പ്രസിഡന്റ് സി രാധാമണി, മേയര്‍ ഹണി ബെഞ്ചമിന്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.
രണ്ട് ബെഡ്‌റൂം, ഹാള്‍, അടുക്കള, ശുചിമുറി എന്നിവയോടു കൂടിയ 487 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരോ ഫ്‌ലാറ്റുകളാണ് നിര്‍മിക്കുന്നത്. ഒരോ ഭവന സമുച്ചയങ്ങളിലും അങ്കണവാടി, മുതിര്‍ന്നവര്‍ക്കുള്ള പ്രതേ്യകമുറി, സിക്ക്‌റൂം, കോമണ്‍ ഫെസിലിറ്റി സെന്റര്‍, മലിനജലശുചീകരണ പ്ലാന്റ്, സൗരോര്‍ജ സംവിധാനം, കളിസ്ഥലം, ചുറ്റുമതില്‍ എന്നിവയോട് കൂടിയതായിരിക്കും.
(പി.ആര്‍.കെ നമ്പര്‍ 2501/2020)

 

date