Skip to main content

സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ സുപ്രധാന റോഡ് പദ്ധതികൾ നടപ്പാക്കും: മുഖ്യമന്ത്രി

സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി സുപ്രധാന റോഡ് പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ബദൽ പാതയാണ് ഇതിൽ പ്രധാനം. ഇപ്പോൾ കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങൾ പോകുന്നത്. പ്രകൃതിക്ഷോഭവും വാഹനങ്ങളുടെ തിരക്കും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. അതിവർഷമുണ്ടാകുമ്പോൾ പലപ്പോഴും മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായാണ് വയനാട്ടിലേക്ക് തുരങ്കപാത പണിയുന്നത്.
ആനക്കാംപൊയിലിൽ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന പാതയ്ക്ക് 7.82 കിലോമീറ്റർ നീളമുണ്ടാകും. തുരങ്കത്തിൻറെ നീളം 6.9 കിലോമീറ്റർ വരും. തുരങ്ക നിർമാണത്തിൽ വൈദഗ്ധ്യം തെളിയിച്ച കൊങ്കൺ റെയിൽവെ കോർപ്പറേഷനെ ഈ പദ്ധതിയുടെ പ്രത്യേക ഉദ്ദേശ കമ്പനിയായി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി പദ്ധതിക്ക് നൽകിയിട്ടുണ്ട്. കിഫ്ബിയിൽ നിന്നാണ് ആവശ്യമായ പണം ലഭ്യമാക്കുന്നത്. ആവശ്യമായ പഠനങ്ങൾക്കു ശേഷം കൊങ്കൺ റെയിൽവെ കോർപ്പറേഷൻ വിശദമായ പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. അത് ലഭിച്ചുകഴിഞ്ഞാൽ മറ്റ് നടപടികൾ ആരംഭിക്കും.
ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് പ്രളയത്തെ അതിജീവിക്കുന്ന രീതിയിൽ നവീകരിക്കുന്നതിന് 625 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കും.
റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി ശംഖുമുഖം റോഡിന്റെ പുനർനിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിസൈൻ പ്രകാരം 260 മീറ്റർ കോൺക്രീറ്റ് ഡയഫ്രം വാൾ ഒന്നാംഘട്ടമായി നിർമിക്കും. ഇതിന് 4.29 കോടി രൂപയുടെയും റോഡ് നിർമിക്കുന്നതിന് 1.1 കോടി രൂപയുടെയും പ്രവൃത്തിക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്.
എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിർമിക്കുന്ന കുണ്ടന്നൂർ (780 മീറ്റർ), വൈറ്റില (700 മീറ്റർ) മേൽപ്പാലങ്ങളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഡിസംബറിൽ രണ്ടു മേൽപ്പാലങ്ങളും ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയും. കുണ്ടന്നൂർ മേൽപ്പാലത്തിന് 88.77 കോടി രൂപയും വൈറ്റില മേൽപ്പാലത്തിന് 113 കോടി രൂപയുമാണ് ചെലവ്. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെയും അനുബന്ധ റോഡുകളുടെയും നവീകരണത്തിന് 225 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. 62 പ്രവൃത്തികളാണ് ഈ പദ്ധതിയിൽ വരുന്നത്. ഒക്ടോബറിൽ എല്ലാ പ്രവൃത്തികളും ആരംഭിക്കും.
കൊല്ലം ജില്ലയിൽ അഷ്ടമുടി കായലിന് കുറുകെയുള്ള പെരുമൺ പാലത്തിന്റെ നിർമാണം നവംബറിൽ ആരംഭിക്കും. 42 കോടി രൂപയാണ് ഇതിന് ചെലവ്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ 38 പാലങ്ങളുടെ നിർമാണം നവംബറിനകം ആരംഭിക്കും. പ്രവൃത്തി തുടങ്ങിയ 28 പാലങ്ങൾ നവംബറിനു മുമ്പ് പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 3224/2020

 

date