Skip to main content

കാറളം ഫ്‌ളാറ്റ് സമുച്ചയം - നിര്‍മ്മാണോദ്ഘാടനം

ലൈഫ് മിഷന്‍ ഭവനപദ്ധതിയിലൂടെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കാറളത്ത് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി നടത്തി. സംസ്ഥാനത്തെ 29 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഒരുമിച്ച് ഓണ്‍ലൈനിലൂടെ അദ്ദേഹം നിര്‍വ്വഹിച്ചു. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അദ്ധ്യക്ഷനായി. ലൈഫ്മിഷന്‍ ഭവനസമുച്ചയ പദ്ധതി സുതാര്യമായ പദ്ധതിയാണെന്നും എല്ലാ വിശദാംശങ്ങളും ലൈഫ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് ഭവനപദ്ധതിയ്ക്ക് പുറമെ കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലുമായി ഓരോ ഭവനസമുച്ചയങ്ങള്‍ പണിയാന്‍ തീരുമാനിച്ചതായും തൃശൂര്‍ ജില്ലയില്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ ഒരു ഏക്കര്‍ ആറ് സെന്റ് സ്ഥലത്ത് കെയര്‍ ഹോം പദ്ധതി നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

കാറളം ഗ്രാമപഞ്ചായത്തിലെ വെളളാനിയില്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള 84 സെന്റ് സ്ഥലത്ത് രണ്ട് ബ്ലോക്കുകളിലായി 72 വാസഗൃഹ യൂണിറ്റുകളുടെ നിര്‍മ്മാണമാണ് ആറ് മാസത്തിനകം പൂര്‍ത്തിയാക്കുക. 920 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ ആകെ വിസ്തീര്‍ണ്ണം 43000 ചതുരശ്ര അടിയാണ്. പാര്‍പ്പിട യൂണിറ്റുകള്‍ക്ക് പുറമെ വയോജനപരിപാലന കേന്ദ്രം, കോമണ്‍റൂം, സിക് റൂം, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, സൗരോര്‍ജ്ജ സംവിധാനം എന്നിവയും ഉണ്ടാകും. രണ്ട് കിടപ്പ് മുറി, ഹാള്‍, അടുക്കള, ബാല്‍ക്കണി, ശുചിമുറി എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ യൂണിറ്റും. അഹമ്മദാബാദിലുളള മിത്സുമി ഹൗസിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കരാറുകാര്‍.

വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പ്പറമ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന 144 വാസഗൃഹയൂണിറ്റുകളുടെ പാര്‍പ്പിട സമുച്ചയവും പഴയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 36 വാസഗൃഹ യൂണിറ്റുകളുളള പാര്‍പ്പിടസമുച്ചയവും ഇത്തരത്തില്‍ ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളാണ്.

പരിപാടിയില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍, മന്ത്രി കെ കൃഷ്ണന്‍കുട്ടി, മന്ത്രി എ കെ ബാലന്‍, മന്ത്രി എംഎം മണി, മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, മന്ത്രി ടി പി രാമകൃഷ്ണന്‍, മന്ത്രി കെ കെ ശൈലജ ടീച്ചര്‍, മന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഐഎഎസ്, നവകേരള കര്‍മ്മ പദ്ധതി കോഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

 

പ്രാദേശികതലത്തില്‍ കെ യു അരുണന്‍ മാസ്റ്റര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ തറക്കല്ലിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് എന്‍ കെ ഉദയ് പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ മനോജ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കാറളം വൈസ് പ്രസിഡന്റ് സുനിത മനോജ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പ്രസാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

date