Skip to main content

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാം അൽപം ജാഗ്രതയോടെ

* കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്
കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ടു ചെയ്യാനുള്ള  സൗകര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ എല്ലാവരും വോട്ട് ചെയ്യേണ്ടതാണ്. എന്നാൽ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണം. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യതയുണ്ട്. അതിനാൽ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാൽ ആ വ്യാപനത്തോത് കുറയ്ക്കാൻ സാധിക്കുന്നതാണ്. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും നോക്കണം. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
• വോട്ടിടാനായി വീട്ടിൽ നിന്നിറങ്ങുന്നതു മുതൽ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം.
• കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്.
• രജിസ്റ്ററിൽ  ഒപ്പിടുന്നതിനുള്ള പേന കയ്യിൽ കരുതുക.
• പരിചയക്കാരെ കാണുമ്പോൾ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാൽ അവരോട് മാസ്‌ക് വച്ച് സംസാരിക്കാൻ പറയുക.
• ആരോട് സംസാരിച്ചാലും 2 മീറ്റർ അല്ലെങ്കിൽ 6 അടി അകലം പാലിക്കണം.
• പോളിംഗ് ബൂത്തിൽ ക്യൂവിൽ നിൽക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി അകലം പാലിക്കണം. കൂട്ടം കൂടി നിൽക്കരുത്.
• ഒരാൾക്കും ഷേക്ക്ഹാൻഡ് നൽകാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങൾ നടത്താനോ പാടില്ല.
• വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക്   പോകുമ്പോഴും നിർബന്ധമായും  സാനിറ്റൈസർ  ഉപയോഗിക്കണം.
• ബൂത്തിനകത്ത്  ഒരേസമയം പരമാവധി  3 വോട്ടർമാർ മാത്രം കയറുക.
• പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.
• അടച്ചിട്ട മുറികളിൽ വ്യാപന സാധ്യത കൂടുതലായതിനാൽ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടർമാരും ശാരീരിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
• തിരിച്ചറിയൽ വേളയിൽ  ആവശ്യമെങ്കിൽ മാത്രം മാസ്‌ക് മാറ്റുക.  സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്.
• വോട്ട് ചെയ്തശേഷം ഉടൻ തന്നെ തിരിച്ച് പോകുക.
• വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
• കമ്മിറ്റി ഓഫീസുകളിലെ പ്രവർത്തകരും മാസ്‌ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം, കൈകൾ സാനിറ്റെസ് ചെയ്യണം.
വോട്ടെടുപ്പിന് 10 ദിവസം  മുമ്പ് മുതൽ തലേ ദിവസം   3 മണി വരെ  കോവിഡ് 19 പോസിറ്റീവ്  ആയവരും ക്വാറന്റൈനിൽ ഉള്ളവരും പോളിംഗ്  ബൂത്തിൽ  പോകേണ്ടതില്ല. ഇവർക്ക് പ്രത്യേക  തപാൽ വോട്ട്  ചെയ്യാം. തലേ ദിവസം 3 മണിക്ക് ശേഷം പോസിറ്റീവ് ആകുന്നവരും നിരീക്ഷണത്തിൽ പോകുന്നവരും സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ബൂത്തിലെത്തി വോട്ട് ചെയ്യാവുന്നതാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദിശ 1056ൽ വിളിക്കാവുന്നതാണ്.
പി.എൻ.എക്സ്. 4256/2020

date