Skip to main content
..

അക്രമകാരിളായ കാട്ടുപന്നികളെ ഇല്ലായ്മചെയ്യല്‍;  സന്നദ്ധരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ പ്രധാനപങ്കുവഹിക്കുന്ന കാട്ടുപന്നികളെ നിബന്ധനകള്‍ക്കു വിധേയമായി നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. യൂണിഫോം സര്‍വീസില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കു പുറമെ, ഫോറസ്റ്റ് റെയിഞ്ച്  പരിധിയില്‍ തോക്ക് ഉപയോഗിക്കുവാന്‍ ലൈസന്‍സുളളവരും, ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുവാന്‍ സന്നദ്ധരായവരുമായ വ്യക്തികളുടെ ഒരു പാനല്‍ ബന്ധപ്പെട്ട ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തയ്യാറാക്കി സൂക്ഷിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നുണ്ട്. കോന്നി ഡിവിഷനില്‍ രൂപീകരിച്ചിട്ടുളള പാനലില്‍ നിലവില്‍ മൂന്നു വ്യക്തികള്‍ മാത്രമാണുള്ളത്. പാനലില്‍ കൂടുല്‍പേര്‍ ആവശ്യമാണ്. 

കോന്നി, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂര്‍, പ്രമാടം, വളളിക്കോട്, മലയാലപ്പുഴ, മൈലപ്ര, എനാദിമംഗലം, കൊടുമണ്‍, ഏഴംകുളം, പളളിക്കല്‍, ഏറത്ത് പഞ്ചായത്തുകളുടെയും, പത്തനംതിട്ട, അടൂര്‍ മുനിസിപ്പാലിറ്റിയുടേയും പരിധിയില്‍ വരുന്ന തോക്ക് ലൈസന്‍സുളളവരും, സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരുമായ വ്യക്തികള്‍ എം.പാനല്‍ ചെയ്യപ്പെടാന്‍ താല്‍പര്യമുളളപക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തലവന്‍ മുഖേനയോ, കോന്നി (ഫോണ്‍: 8547600610), നടുവത്തുമൂഴി (ഫോണ്‍: 8547600555) റെയിഞ്ച് ഓഫീസര്‍മാരെയോ ബന്ധപ്പെടണമെന്ന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ അറിയിച്ചു.

കൃത്യം നിര്‍വഹിക്കുമ്പോള്‍ അറിഞ്ഞോ, അറിയാതെയോ മനുഷ്യ ജീവനോ, സ്വത്തിനോ സംഭവിക്കുന്ന അപായങ്ങള്‍ക്കും, നാശനഷ്ടങ്ങള്‍ക്കും വെടിവയ്ക്കുന്നയാള്‍ക്ക് മാത്രമാകും ഉത്തരവാദിത്വമെന്നും, എം.പാനല്‍ ചെയ്യപ്പെടുന്ന വ്യക്തി കൃത്യം നിര്‍വഹിക്കുന്ന മുറയ്ക്ക് ഓരോ കാട്ടുപന്നിയുടെ കാര്യത്തിലും ചെലവിനത്തില്‍ ആയിരം രൂപ പ്രതിഫലം അനുവദിക്കാനും ഉത്തരവില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 

date