Skip to main content

മിനി പമ്പയിലെ സൗകര്യങ്ങള്‍ അവലോകനം ചെയ്തു.

ശബരിമല തീര്‍ത്ഥാടന കാലത്ത് ഇടത്താവളമായി ഉപയോഗിക്കുന്ന മിനി പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ ഡപ്യുട്ടി കലക്ടര്‍ വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മിനിപമ്പയുടെ തൊട്ടടുത്ത കടവുകളില്‍ കൂടി ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനും പോലിസിനെ വിന്യസിക്കുന്നതിനും തീരുമാനിച്ചു. ആവശ്യമായ ലൈറ്റിംഗ് സംവിധാനം പൂര്‍ത്തിയായി വരുന്നതായി യോഗം വിലയിരുത്തി. ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് സ്റ്റീല്‍ പ്ലെയിറ്റുകളും ഗ്ലാസുകളും വിതരണം ചെയ്യും. ഇതിനായി ശുചിത്വമിഷന്‍ പഞ്ചായത്തുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡപ്യുട്ടി കലക്ടര്‍ ജെ.യു.അരുണ്‍,സ്‌പെഷ്യല്‍ ഓഫിസര്‍ ജയശങ്കര്‍ പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന തുടങ്ങിയവര്‍ പങ്കെടുത്തു.

 

date