Skip to main content

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം  30ന് മുഖ്യമന്ത്രി ഉദ്്ഘാടനം ചെയ്യും

ആധുനിക സംവിധാനങ്ങളോടു കൂടി നിര്‍മ്മിച്ച പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ജൂണ്‍ 30ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തിന്റെ കോണ്‍ഫറന്‍സ്ഹാള്‍, വെര്‍ച്വല്‍ ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി പി.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. 2 കോടി 60 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്.
അഡ്വ. എ.എന്‍.ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കേരളാ ഫോക്‌ലോര്‍ അക്കാദമി ഒരുക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
ബ്ലോക്ക് പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ താഴെ ചെമ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരു ഏക്കര്‍ സ്ഥലത്താണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, അസി. അഗ്രികള്‍ച്ചറല്‍ ഡയറക്ടര്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പട്ടകജാതി വികസന ഓഫീസര്‍, സി.ഡി.പി.ഒ എന്നിവരുടെ ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുക. മേഖലാടിസ്ഥാനത്തിലുള്ള യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനായി കെട്ടിടത്തില്‍ വെര്‍ച്വല്‍ ക്ലാസ് റൂം തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ കൂത്തുപറമ്പ്, പയ്യന്നൂര്‍ ബ്ലോക്കുകളിലാണ്്്് വെര്‍ച്വല്‍ ക്ലാസ് റൂം സൗകര്യമുള്ളത്. ഇതിന് പുറമെ  വായനാ മുറി, സൗജന്യ വൈഫൈ, മുലയൂട്ടല്‍ കേന്ദ്രം എന്നിവയും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. 
പന്ന്യന്നൂര്‍, മൊകേരി, ചൊക്ലി, കതിരൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്്. കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിര്‍മാണ കരാര്‍. 

date