Skip to main content

കണക്ക് രസിച്ചു പഠിക്കാം; ഉല്ലാസ ഗണിതം പദ്ധതിക്ക് തുടക്കമായി

പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉല്ലാസ ഗണിതം പഠന പരിപോഷണ പരിപാടികൾക്ക് കുന്നുമ്മൽ ബിആർസിയിൽ തുടക്കമായി. ലളിതമായ കളികളിലൂടെ ഗണിത പഠനം സാധ്യമാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷ കേരളയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

സ്പെഷൽ കെയർ സെന്‍ററുകളിൽ സ്പെഷൽ എജുക്കേറ്റർമാർക്കൊപ്പവും വീടുകളിൽ രക്ഷിതാക്കൾക്കൊപ്പവും രസകരമായ ഗെയിമുകൾ കളിക്കുന്ന രൂപത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.  ഇതിനായി സ്പെഷൽ കെയർ സെന്‍ററിലേക്കും കുട്ടികളുടെ വീടുകളിലേക്കും ഉല്ലാസ ഗണിതം കിറ്റുകൾ നൽകും.  കുട്ടികൾക്ക് പാഠപുസ്തകത്തിൽ അധിഷ്ഠിതമായ രസകരമായ ഗണിതകേളികളിലൂടെ ഗണിതപഠനം സാധ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

 പരിപാടി കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.ബി.പി.സി. കെ.കെ. സുനിൽകുമാർ അധ്യക്ഷനായി. കെ.പി. ബിജു, സി.എൻ. സനൂപ്, അനഘ, അശ്വതി, ഗോപിക, ആശാ കൃഷ്ണമൂർത്തി തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

date