Skip to main content
ഗാന്ധിജയന്തിവാരാഘോഷ സമാപന സമ്മേളനം അടിമാലി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എംപി വര്‍ഗീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ഗാന്ധി ജയന്തി വാരാഘോഷം: അടിമാലിയില്‍ വിപുലമായ പരിപാടികളോടെ സമാപനം   

                    

പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന്  അടിമാലിയില്‍ സമാപനമായി. അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്ന സമാപന സമ്മേളനം  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എന്‍ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയുടെ പരിസ്ഥിതി ദര്‍ശനം എന്ന വിഷയത്തില്‍ സാഹിത്യകാരന്‍  ആന്റണി മുനിയറ മുഖ്യപ്രഭാഷണം നടത്തി. 

 

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍  നിന്നായി 200 ഓളം വിദ്യാര്‍ത്ഥികള്‍ സമാപന യോഗത്തില്‍  പങ്കെടുത്തു. കീരിത്തോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ കുരുന്നുകള്‍ അവതരിപ്പിച്ച സ്‌കിറ്റും ശ്രദ്ധയേമായി. സമാപന ചടങ്ങിനെത്തിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പബ്ലിക് റിലേഷന്‍ വകുപ്പ് പ്രസിദ്ധീകരിച്ച ഗാന്ധിയെ കുറിച്ചുള്ള മലയാള കവിതകള്‍, ജീവിത വിജയത്തിന് ഗാന്ധി സൂക്തങ്ങള്‍ എന്നീ പുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു.

 

സമാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൊളാഷ് മത്സരത്തില്‍ 15 അംഗ ടീമുകളിലായി 45 പേര്‍ പങ്കെടുത്തു. ഒരു ടീമില്‍ മൂന്നുപേര്‍ വീതമാണ് മത്സരിച്ചത്. മത്സരത്തില്‍ എസ്എന്‍ഡിപി ഹൈസ്‌കൂളിലെ മുഹമ്മദ് ഷിഫാന്‍, ഷെയ്ക് പരീത്, ആശിഷ് അരുണ്‍ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും, എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അതുല്യമോള്‍ ജയന്‍, അനാമിക ഇ.പി,  ആതിര എ.കെ എന്നിവരടങ്ങിയ ടീമും, എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ തന്നെ  അക്ഷയ് രാജീവ്, അല്‍മാസ് പി.എ, അമീര്‍ ഉമ്മര്‍ എന്നിവരടങ്ങിയ ടീമും രണ്ടാം സ്ഥാനം പങ്കിട്ടു. എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആകാശ് ഇ.എന്‍, ആദിത് കൃഷ്ണ അനില്‍, അമല്‍ ദേവ് പി.എസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. 

 

സമാപന സമ്മേളനത്തില്‍ ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം ജില്ലാ സെക്രട്ടറി ഷാജി തുണ്ടത്തില്‍, അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപകന്‍ ടി.എന്‍ മണിലാല്‍, പബ്ലിക് റിലേഷന്‍ വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.ബി ബിജു എന്നിവരും സംസാരിച്ചു.

 

date