Skip to main content
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാവികസന സമിതിയോഗം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷ, കുടിവെള്ള പദ്ധതി പുരോഗതി, കൃഷിഭൂമിക്ക് പട്ടയം നല്‍കല്‍ എന്നിവ പരിശോധിക്കണം:  ഡീന്‍ കുര്യാക്കോസ് എം.പി

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷ സംബന്ധിച്ച അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡീന്‍ കുര്യാക്കോസ് എംപി വിദ്യാഭ്യാസ വകുപ്പിനോട് ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു. പണി പുരോഗമിക്കുന്ന കുടിവെള്ള പദ്ധതി കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കണം. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാന്‍ കഴിയുന്ന പദ്ധതികളെക്കുറിച്ച് രൂപരേഖ സമര്‍പ്പിക്കാന്‍ വാട്ടര്‍ അതോറിറ്റിയോടും എംപി നിര്‍ദ്ദേശിച്ചു. ജില്ലയില്‍ കൃഷിഭൂമിക്ക് പട്ടയം അനുവദിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന്  എം.പി  ആവശ്യപ്പെട്ടു. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് 1962-64 കാലഘട്ടത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകര്‍ക്ക് അനുവദിച്ച ഗ്രോമോര്‍ ഫുഡ് പദ്ധതി പ്രകാരം വാഴത്തോപ്പ് പഞ്ചായത്തില്‍ അനുവദിച്ച കൃഷിഭൂമിയില്‍  ഭൂരിഭാഗം പേര്‍ക്കും പട്ടയം അനുവദിച്ചെങ്കിലും അന്ന് പട്ടയം എടുക്കാന്‍ കഴിയാത്ത രണ്ടായിരത്തോളം പേര്‍ക്കും, വാത്തിക്കുടി, തങ്കമണി, ഇരട്ടയാര്‍, മൂന്നുചെയിന്‍ പ്രദേശങ്ങളിലെ കൃഷിഭൂമിക്ക് പട്ടയം നല്‍കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
വയനാട്ടില്‍ പാമ്പുകടിയേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിക്കാനിടയായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലും വനപ്രദേശങ്ങളോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ മുഴുവന്‍ സ്‌കൂളൂകളിലെ ഭൗതിക സാഹചര്യം വിലയിരുത്താന്‍  ഡി.ഇ.ഒ, എ.ഇ.ഒ മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചതായും, സ്‌കൂളുകളില്‍ കാടുകയറി കിടക്കുന്ന പരിസരം വ്യത്തിയാക്കാന്‍ പി.ടി.എക്കും സ്‌കൂള്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയതായും വിദ്യാഭ്യാസ വകുപ്പ് മറുപടി നല്‍കി.
  മഴ മാറിനില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ ജില്ലയിലെ അറ്റകുറ്റപണി നടത്തുന്ന മുഴുവന്‍ റോഡുകളുടെയും പണി ആരംഭിച്ച് അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത്  വകുപ്പിന് ജില്ലാ വികസന സമിതി നിര്‍ദേശം നല്‍കി. ജില്ലയിലെ വിവിധ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കുള്ള ട്രിപ്പുകള്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അവസാനിപ്പിക്കുന്നതിനെ വികസന സമിതി രൂക്ഷമായി വിമര്‍ശിച്ചു. സാമ്പത്തിക ലാഭത്തിനുപരി സേവനത്തിന് പ്രാധാന്യം നല്‍കി ട്രിപ്പുകള്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കാന്‍  വികസന സമിതി തീരുമാനിച്ചു. പട്ടയക്കുടിയിലേക്കുള്ള സര്‍വ്വീസ് ലാഭകരമല്ലാത്തതിനാലാണ് നിര്‍ത്തേണ്ടിവന്നതെന്ന കെഎസ്്ആര്‍ടിസിയുടെ മറുപടിയിലാണ് ഇങ്ങനെ നിര്‍ദ്ദേശം ഉണ്ടായത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗത്തില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍,  ജില്ലാപ്ലാനിംഗ് ഓഫീസര്‍ കെ.കെഷീല, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.ടി ആഗസ്റ്റിന്‍, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date