Skip to main content

ബജറ്റ് തയ്യാറാക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടി പരിഗണിച്ച്: ധനമന്ത്രി

 

കേരളത്തിന്റെ ധനകാര്യസ്ഥിതി ഞെരുങ്ങിയ സാഹചര്യത്തിലാണ് പുതിയ ബജറ്റ് തയ്യാറാക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഗുലാത്തി ഇൻസ്റ്റിറ്റൂട്ട്് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ ബജറ്റിന് മുന്നോടിയായി ഗവ. ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച സാമ്പത്തിക വിദഗ്ധരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് ജിഎസ്ടി അടക്കം  ലഭിക്കേണ്ട തുകയിൽ  ഏകദേശം 15000 കോടിയുടെ കുറവുണ്ടായി. എന്നാൽ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ചെലവുകൾ കുറയ്ക്കില്ല.  അഞ്ച് വർഷം കൊണ്ട് കിഫ്ബി വഴി 50000 കോടിയുടേയും ബജറ്റ് വിഹിതത്തിൽനിന്ന് 45000കോടി രൂപയുടേയും അടിസ്ഥാന വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.  ചർച്ചയിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്്ധരുടെയും  പ്രതിനിധികളുടേയും നിർദ്ദേശങ്ങൾ  സ്വീകരിക്കുകയും സാധ്യതകൾ പരിശോധിക്കുകയയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നികുതിയിതര വരുമാന വർദ്ധനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശം പുഴകളിലേയും ഡാമുകളിലേയും മണൽ ഖനനമാണ്. നിലവിൽ അനുമതി നൽകിയ ഖനനപ്രവർത്തനനങ്ങൾക്ക് പുറമെ നടപടികൾക്ക് വേഗംകൂട്ടാൻ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. സർക്കാർ ചെലവുകൾ കുറയ്ക്കാൻ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജീവനക്കാരെ പുനർവിന്യസിക്കണമെന്ന നിർദ്ദേശം ഉയർന്നു.  ജീവനക്കാർക്ക് ബുദ്ധിമുണ്ടാകാത്ത തരത്തിലാകും പുനക്രമീകരണം പരിഗണിക്കുകയെന്ന് മന്ത്രി പറഞ്ഞു. അധ്യാപക വിദ്യാർത്ഥി അനുപാതം 30:1 ആക്കിയപ്പോൾ സർക്കാർ അനുമതിയില്ലാതെ എയ്ഡഡ് സ്‌കൂളുകളിൽ അധികമായി നിയമിച്ച അധ്യാപകരുടെ കണക്കെടുക്കും.  വിഷയം വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഭൂമി പരിവർത്തനം റഗുലറൈസ് ചെയ്യുന്നതിന്റെ ഫീസ് പരിഷ്‌കരിക്കണമെന്ന നിർദ്ദേശം ബജറ്റിൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമപ്രവർത്തനങ്ങളുടെ ചെലവ് കുറയ്ക്കണമെന്ന് ആരും ആവശ്യപ്പെടാത്തത് സ്വാഗതാർഹമാണ്. ബജറ്റ് പ്രവർത്തനങ്ങളുടെ ആഭ്യന്തര ഓഡിറ്റ് നടത്തണമെന്ന നിർദ്ദേശം പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വർഷത്തെ  വാർഷിക റിട്ടേണുകളുടെ വിവരം ലഭിക്കുന്നതോടെ നികുതിപിരിവ് ഊർജ്ജിതമാക്കി വരുമാന വർധനയാണ് ലക്ഷ്യമിടുന്നത്. വാർഷിക റിട്ടേണുകൾ പരിശോധിച്ച് നികുതി ചോർച്ച  കണ്ട് പിടിക്കും. ഇതിനായി വകുപ്പിന് പ്രത്യേക നിർദ്ദേശങ്ങൾ നൽകും. ധനപ്രതിസന്ധിയുണ്ടെങ്കിലും ശമ്പള പരിഷ്‌കരണ കാലാവധി നീട്ടില്ലെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
യോഗത്തിന് ഗുലാത്തി ഇൻസ്റ്റിറ്റൂട്ട്് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ ഡയറക്ടർ പ്രൊഫ. കെ.ജെ ജോസഫ് നേതൃത്വം നല്കി.  ധനകാര്യ സെക്രട്ടറി ആർ.കെ സിംഗ്, ധനകാര്യ വിദഗ്ധർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്.196/2020

 

date