Skip to main content

കോവിഡ് 19: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മാധ്യമ മേധാവികളുടെ അഭിനന്ദനം

കോവിഡ് 19നെ നേരിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മാധ്യമ മേധാവികളുടെ അഭിനന്ദനം. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ആദ്യം അഭിനന്ദിച്ചത് മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവായിരുന്നു. പ്രധാനമന്ത്രി മാധ്യമ എഡിറ്റർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞ് അഭിനന്ദിച്ചതായും അദ്ദേഹം വ്യക്തമാക്കി. രോഗപ്രതിരോധത്തിനായി കേരളം നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.
സർക്കാരിന് എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടർ എം. വി. ശ്രേയാംസ്‌കുമാർ പറഞ്ഞു. പ്രത്യേക സാഹചര്യം പരിഗണിച്ച് മാധ്യമസ്ഥാപനങ്ങൾ ജീവനക്കാരെ വിവിധ ഷിഫ്റ്റുകളിലാക്കിയതും വർക്ക് അറ്റ് ഹോം സംവിധാനം ഏർപ്പെടുത്തിയതും വിവിധ മാധ്യമ മേധാവികൾ വിശദീകരിച്ചു. ലോക്ക് ഡൗൺ ഏർപ്പെടുത്തുമ്പോൾ അവശ്യ സാധനങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങൾ ഒരുക്കണമെന്ന് ഏഷ്യാനെറ്റ് മേധാവി എം. ജി രാധാകൃഷ്ണൻ പറഞ്ഞു. ന്യൂസ് 18 കേരളം നേരത്തെ തന്നെ വർക്ക് അറ്റ് ഹോം സംവിധാനം ഏർപ്പെടുത്തിയതായി രാജീവ് ദേവരാജ് പറഞ്ഞു. പല ഷിഫ്റ്റുകളിലായി ജീവനക്കാരുടെ പ്രവർത്തനം ക്രമീകരിച്ചതായി മനോരമ ന്യൂസിലെ ജോണി ലൂക്കോസ് അറിയിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് മാധ്യമം എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. ഏജന്റുമാർക്കുൾപ്പെടെ സാനിറ്റൈസർ നൽകിയിട്ടു
ണ്ടെന്നും സർക്കാരിന്റെ പ്രവർത്തനങ്ങൾക്കൊപ്പമുണ്ടെന്നും ദേശാഭിമാനി ചീഫ് എഡിറ്റർ പി. രാജീവ് അറിയിച്ചു.  സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങളുടെ സജീവ പിന്തുണയുണ്ടാവുമെന്ന് ജനയുഗം ചീഫ് എഡിറ്റർ രാജാജി മാത്യു തോമസ് അറിയിച്ചു. വ്യാജ വാർത്തകൾ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജൻമഭൂമിയിലെ കെ. കുഞ്ഞിക്കണ്ണനും മംഗളത്തിലെ സാബു വർഗീസും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഹെൽപ് ലൈൻ സംവിധാനം ഉണ്ടാവണമെന്ന നിർദ്ദേശം 24 ന്യൂസിലെ ശ്രീകണ്ഠൻ നായർ മുന്നോട്ടുവച്ചു. സ്ഥാപനത്തിൽ ഏർപ്പെടുത്തിയ ഷിഫ്റ്റ് സംവിധാനങ്ങളെക്കുറിച്ച് റിപ്പോർട്ടർ ചാനൽ മേധാവി എം. വി. നികേഷ്‌കുമാർ വിശദീകരിച്ചു. ആധികാരികമായ വിവരങ്ങൾ ലഭ്യമാക്കി ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കലാകൗമുദി എഡിറ്റർ സുകുമാരൻ മണി വിശദീകരിച്ചു.
ദിവസക്കൂലിക്കാരുടെ പ്രശ്‌നങ്ങൾ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ചന്ദ്രികയിലെ സി. പി. സെയ്തലവി പറഞ്ഞത്. പ്രതിസന്ധിയുടെ ഘട്ടത്തിൽ സർക്കാരിനൊപ്പമുണ്ടെന്ന് ജനം ടിവിയിലെ ജി. കെ. സുരേഷ്ബാബു പറഞ്ഞു. സുപ്രഭാതത്തിലെ നവാസ് പുനൂർ, ദ ഹിന്ദുവിലെ ടി. നന്ദകുമാർ, സിറാജിലെ അബ്ദുൾ ഗഫൂർ, മെട്രോവാർത്തയിലെ ആർ. ഗോപീകൃഷ്ണൻ, അമൃത ടിവിയിലെ ജെ. എസ്. ഇന്ദുകുമാർ, മീഡിയ വണിലെ സി. എൽ. തോമസ്, ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലെ കിരൺ പ്രകാശ്, ജയ്ഹിന്ദിലെ ബി. എസ്. ഷിജു, വീക്ഷണത്തിലെ ജയ്‌സൺ ജോസഫ്, വർത്തമാനത്തിലെ ആസിഫ് അലി, ടൈംസ് ഓഫ് ഇന്ത്യയിലെ അനിൽ നായർ എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
പി.എൻ.എക്സ്.1202/2020

date