Skip to main content

കോവിഡ് 19; മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ കൂടി രോഗമുക്തരായി

 

ജില്ലയില്‍ ചികിത്സയിലുള്ള ഒരു പാലക്കാട് സ്വദേശിക്കും രോഗം ഭേദമായി

 

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ കൂടി രോഗമുക്തരായി. തിരൂര്‍ ബി.പി. അങ്ങാടി സ്വദേശികളായ ദമ്പതികളുടെ മകന്‍ മൂന്ന് വയസുകാരന്‍, ഇരിമ്പിളിയം മങ്കേരി സ്വദേശി 36 കാരന്‍, കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 23 കാരന്‍ എന്നിവരാണ് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായതെന്ന് ജില്ലാ കലക്ടറുടെ ചുമതയിലുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവരെക്കൂടാതെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പാലക്കാട് നെല്ലായ സ്വദേശിയായ 39 കാരനും രോഗമുക്തനായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി ഗര്‍ഭിണിയായ 27 കാരിയുടെ മകനാണ് ഇന്നലെ രോഗമുക്തനായ മൂന്ന് വയസുകാരന്‍. കുഞ്ഞിന്റെ മാതാവും രോഗബാധിതയായിരുന്നു. വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായ ഇവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇരിമ്പിളിയം മങ്കേരി സ്വദേശി മെയ് 12 ന് മാലി ദ്വീപില്‍ നിന്ന് എത്തിയതായിരുന്നു. മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ചു. കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി മെയ് 12 ന് സിംഗപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിയതായിരുന്നു. മെയ് 23 നാണ് രോഗബാധ സ്ഥിരീകരിച്ച് ഇായാള്‍ ഐസൊലേഷനിലായത്. പാലക്കാട് നെല്ലായ സ്വദേശി മെയ് 13 നാണ് കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയത്. പാലക്കാട് ജില്ലയിലേക്ക് പോകാതെ മലപ്പുറത്ത് പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായി. ഇന്നലെ രോഗമുക്തരായവരെല്ലാം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
 

date