Skip to main content

സ്വാതന്ത്ര്യദിന പരേഡ് കോവിഡ് പ്രോട്ടോക്കോള്‍  പാലിച്ച് നടത്തും: ജില്ലാ പോലീസ് മേധാവി

 

 

 സ്വാതന്ത്ര്യദിന പരേഡ് കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും  പാലിച്ച് നടത്തുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. പോലീസിന്റെ ഡി എച്ച് ക്യു, ലോക്കല്‍, വനിതാ പോലീസ് എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ പ്ലാറ്റൂണുകളും, ഫോറസ്റ്റ്, എക്‌സൈസ് എന്നീ വകുപ്പുകളുടെ ഓരോ പ്ലാറ്റൂണുകളും പരേഡില്‍ പങ്കെടുക്കും. ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.  പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ക്ഷണിതാക്കളുടെ എണ്ണം 100 ആയി നിജപ്പെടുത്തി. 

പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍ പരേഡ് കമാന്‍ഡറും ഡി എച്ച് ക്യു ആര്‍ എസ് ഐ എ ഷാജഹാന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറുമായി ചുമതല വഹിക്കും. ലോക്കല്‍ പോലീസ് പ്ലാറ്റൂണിനെ പത്തനംതിട്ട എസ് ഐ ടി ഡി പ്രജീഷും, വനിതാ പ്ലാറ്റൂണിനെ എസ് ഐ കെ കെ സുജാതയും, ഡി എച്ച് ക്യു പ്ലാറ്റൂണിനെ ആര്‍ എസ് ഐ പി ജെ ഫ്രാന്‍സിസും നയിക്കും.  പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ പരേഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വനിതാ പോലീസ് പ്ലാറ്റൂണിന്റെ പരേഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വനിതാസെല്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തി. ഡി വൈ എസ് പി മാരും പോലീസ് ഇന്‍സ്പെക്ടര്‍മാരും പരേഡിന്റെയും മറ്റും സുഗമമായ നടത്തിപ്പില്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

date